നൂറ്റാണ്ടുകൾ പഴക്കമുള്ള വണ്ടി പെരിയാർ പഴയ പാലത്തിലെ കൈവരി തകർന്നത് വഴിയാത്രക്കാർക്കും സ്കൂൾ കുട്ടികൾക്കും ഭിക്ഷണിയാവുന്നു
ഇതാണ് വണ്ടിപ്പെരിയാറിലെ ചരിത്ര പാരമ്പര്യമുള്ള പെരിയാർ നദിയുടെ കുറുകെ സ്ഥാപിച്ചിരിക്കുന്ന പഴയ ബ്രിട്ടീഷ് പാലം. പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് തർക്കങ്ങൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല. പക്ഷേ ബ്രിട്ടീഷ് ഭരണകാലത്ത് നിർമ്മിച്ച ഇരുമ്പ് പൈപ്പ് കൊണ്ടുള്ള കൈവരികൾ തുരുമ്പെടുത്ത് തകരുകയും കുറച്ചു ഭാഗങ്ങൾ ഒടിഞ്ഞു പോവുകയും ചെയ്തിട്ടുണ്ട്.
നിരവധിയായ സ്കൂൾ കുട്ടികളും അതോടൊപ്പം തന്നെ പെരിയാർ ടൗണിലേക്ക് എത്തുന്ന ആളുകളും പാലത്തിന്റെ സൈഡിലൂടെ നടന്നു പോകുന്ന സാഹചര്യത്തിൽ വാഹനങ്ങൾ വരുകയാണെങ്കിൽ സൈഡിലേക്ക് മാറിനിൽക്കേണ്ട വന്നാൽ അബദ്ധത്തിൽ കൈവരിയിൽ പിടിക്കുന്നതോടെ കൈവരി തകരുകയും പെരിയാർ നദിയിലേക്ക് വീഴുകയും ചെയ്യുന്ന സാഹചര്യം ആണ് ഇപ്പോൾ ഉള്ളത്. കൂടുതലായും സ്കൂൾ സമയങ്ങളിൽ കുട്ടികൾ നടന്നു പോകുന്നതുകൊണ്ടുതന്നെ വലിയ അപകടം ഉണ്ടാകാൻ സാധ്യത ഏറെയാണ്. ജീവഹാനി വരെ സംഭവിക്കാനും സാധ്യതയുണ്ട്.
രാഷ്ട്രീയ സന്നദ്ധ സംഘടന പ്രവർത്തകരാണ് രണ്ടുവർഷം മുൻപ് മുള ഉപയോഗിച്ചുള്ള താൽക്കാലിക ബാരിക്കേഡ് സംവിധാനം ഏർപ്പെടുത്തിയത്. എന്നാൽ അതും ഇപ്പോൾ നശിച്ച അവസ്ഥയിലാണ് ആളുകളുടെ ജീവൻ സംരക്ഷിക്കുന്നതിനു വേണ്ടി അധികൃതരുടെ ഭാഗത്തുനിന്നും കൃത്യമായ നടപടി ഇടപെടൽ ഉണ്ടാകണം എന്നാണ് നാട്ടുകാരുടെയും ഇതുവഴി കടന്നുപോകുന്ന വാഹന യാത്രക്കാരുടെയും ആവശ്യം.



