അടിമാലിയില്‍ ഓണ്‍ലൈന്‍ കച്ചവട സ്ഥാപനത്തില്‍ വ്യാജ വിലാസത്തില്‍ വന്ന കഞ്ചാവ് മിഠായികള്‍ പിടികൂടി.
അടിമാലിയില്‍ ഓണ്‍ലൈന്‍ കച്ചവട സ്ഥാപനത്തില്‍ വ്യാജ വിലാസത്തില്‍ വന്ന കഞ്ചാവ് മിഠായികള്‍ പിടികൂടി. അടിമാലി നര്‍കോട്ടിക്‌സ് എംഫോഴ്‌സ്‌മെന്റിന്റെ ഓപ്പറേഷന്‍ തണ്ടര്‍ പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായി പാക്കറ്റുകള്‍ കണ്ടെത്തിയത്. ഓണ്‍ലൈന്‍ കച്ചവട സ്ഥാപനത്തിലും ഡെലിവറി ഗോഡൗണുകളിലും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് മിഠായികള്‍ പിടികൂടിയത്. രണ്ട് പാക്കറ്റുകളിലായി 300 ഗ്രാമോളം വരുന്ന 60 മിഠായികളാണ് ഉണ്ടായിരുന്നത്. സംഭവത്തില്‍ തുടരന്വേഷണം ഉണ്ടാകുമെന്നും ജില്ലയിലെ മറ്റ് സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മിഠായി പായ്ക്കറ്റുകളുടെ പുറമേ നല്‍കിയ മേല്‍വിലാസം വ്യാജമാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ എക്‌സൈസ് സംഘത്തിന് ബോധ്യമായി. മേല്‍ വിലാസം വ്യാജമായതിനാല്‍ പാഴ്‌സല്‍ പാക്കറ്റുകള്‍ തിരിച്ചയക്കാന്‍ സ്ഥാപനത്തില്‍ സൂക്ഷിച്ചതായിരുന്നു. സ്ഥാപന മാനേജ്‌മെന്റിനെയും ജീവനക്കാരെയും ചോദ്യം ചെയ്‌തെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇത്തരത്തിലുള്ള മിഠായി പായ്ക്കറ്റുകള്‍ യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ടാണ് വിപണിയില്‍ ഇറക്കുന്നത്. ഇക്കാര്യങ്ങളില്‍ മാതാപിതാക്കള്‍ക്കും സ്‌കൂള്‍ അധ്യാപകര്‍ക്കും ശ്രദ്ധ വേണമെന്ന് ഉദ്യോഗസ്ഥര്‍ ഓര്‍മ്മപ്പെടുത്തി.

