സിപിഐ എം ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കെ കെ വിനോദിന്റെ രക്തസാക്ഷിദിനാചരണം 16ന് ഇരട്ടയാറില്‍ നടക്കും.
കട്ടപ്പന: സിപിഐ എം ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റിയംഗമായിരുന്ന കെ കെ വിനോദിന്റെ രക്തസാക്ഷിദിനാചരണം 16ന് ഇരട്ടയാറില്‍ നടക്കും. ഏരിയായിലെ എല്ലാ ബ്രാഞ്ച് കേന്ദ്രത്തിലും വിനോദ് രക്തസാക്ഷി മണ്ഡപത്തിലും പതാക ഉയര്‍ത്തലും പുഷ്പാര്‍ച്ചനയും നടക്കും. വൈകിട്ട് അഞ്ചിന് ഇരട്ടയാറില്‍ റെഡ് വളന്റിയര്‍ പരേഡും ബഹുജന റാലിയും. അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രന്‍ ഉദ്ഘാടനംചെയ്യും.
മുന്‍ മന്ത്രി എം എം മണി മുഖ്യപ്രഭാഷണവും സിപിഐ എം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ് അനുസ്മരണ പ്രഭാഷണവും നടത്തും. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം കെ എസ് മോഹനന്‍, ജില്ലാ കമ്മിറ്റിയംഗം വി ആര്‍ സജി, ഏരിയ സെക്രട്ടറി മാത്യു ജോര്‍ജ്, നേതാക്കളായ പി ബി ഷാജി, ടോമി ജോര്‍ജ്, എം സി ബിജു, കെ പി സുമോദ്, ജോയി ജോര്‍ജ്, റിന്‍സ് ചാക്കോ, സണ്ണി ജോസഫ് തുടങ്ങിയവര്‍ സംസാരിക്കും.
സിപിഐ എം ഇരട്ടയാര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡിവൈഎഫ്‌ഐ വില്ലേജ് കമ്മിറ്റി പ്രസിഡന്റുമായിരുന്ന കെ കെ വിനോദ് കൊല്ലപ്പെട്ടിട്ട് 25 വര്‍ഷം പൂര്‍ത്തിയാകുന്നു. സിപിഐ എമ്മിലും യുവജന സംഘടനാരംഗത്തും സജീവമായി പ്രവര്‍ത്തിച്ചുവരുന്നതിനിടെ 2001 മെയ് 16നാണ് കൊലപ്പെട്ടത്. വാർത്താസമ്മേളനത്തിൽ മാത്യു ജോർജ്, എം സി ബിജു, റിൻസ് ചാക്കോ എന്നിവർ പങ്കെടുത്തു.





