കുമാരമംഗലം പോക്സോ പീഡനം: പ്രതിക്ക് 12 വർഷം തടവും നാല് ലക്ഷം രൂപ പിഴയും
കേരളത്തെ നടുക്കിയ കുമാരമംഗലം പീഡന പരമ്പരയിലെ 28 കേസുകളിൽ വിചാരണ പൂർത്തിയായ രണ്ടാമത്തെ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. തൊടുപുഴ എടനാട് പുരയിടത്തിൽ വിനീഷിനെ (42) ആണ് തൊടുപുഴ ഒന്നാം അഡീഷണൽ സെഷൻസ് (പോക്സോ കോടതി) ജഡ്ജി ആഷ് കെ. ബാൽ ശിക്ഷിച്ചത്. പന്ത്രണ്ട് വർഷം തടവിന് പുറമെ 75,000 രൂപ പിഴയും, പിഴയടച്ചില്ലെങ്കിൽ ഒരു വർഷം അധിക തടവും അനുഭവിക്കണം. ഇതിനു പുറമെ അതിജീവിതയ്ക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി ഉത്തരവിട്ടു. വിധിക്ക് പിന്നാലെ പ്രതിയെ റിമാൻഡ് ചെയ്തു.
2021 മാർച്ച്-ഏപ്രിൽ മാസങ്ങളിൽ പെൺകുട്ടി ജോലി ചെയ്തിരുന്ന കടയിൽ വെച്ചായിരുന്നു സംഭവം. കടയിലെ മാനേജരായിരുന്ന വിനീഷ്, സ്റ്റാഫ് റൂമിൽ വെച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമത്തിനും ബലാത്സംഗത്തിനും ഇരയാക്കുകയായിരുന്നു. 2017 മുതൽ 2022 വരെയുള്ള കാലയളവിൽ ബന്ധുക്കളുടെ ഒത്താശയോടെയും ഇടനിലക്കാരുടെ സഹായത്തോടെയും പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ച് നിരവധി പേർ പീഡനത്തിന് ഇരയാക്കിയിരുന്നു. പീഡനത്തെത്തുടർന്ന് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയായതോടെയാണ് വിവരം പുറത്തറിയുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിൽ പെൺകുട്ടിയുടെ അമ്മയ്ക്കും വല്ല്യമ്മയ്ക്കും പീഡനവിവരങ്ങൾ അറിയാമായിരുന്നുവെന്നും, ഏഴ് കേസുകളിൽ അമ്മയും ഇടനിലക്കാരനും കൂട്ടുപ്രതികളാണെന്നും പോലീസ് കണ്ടെത്തി.
തൊടുപുഴ ഇൻസ്പെക്ടർ വി.സി. വിഷ്ണുകുമാർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച ഈ കേസിൽ പ്രോസിക്യൂഷൻ ഭാഗത്തുനിന്ന് 27 സാക്ഷികളെ വിസ്തരിക്കുകയും 47 രേഖകൾ ഹാജരാക്കുകയും ചെയ്തു. വാളയാർ കേസിൽ സി.ബി.ഐ സ്പെഷ്യൽ പ്രോസിക്യൂട്ടറായ അഡ്വ. പയസ് മാത്യു തൃശ്ശൂർ ആണ് ഈ കേസിനായും ഹാജരായത്. ഇടുക്കി ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം എസ്.ഐ. അജിലാൽ, വിക്ടിം ലൈസൺ ഓഫീസർ നീതു കൃഷ്ണ, എസ്.സി.പി.ഒ. ജെനിൽ എന്നിവരടങ്ങുന്ന സംഘമാണ് പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചത്. ആകെ രജിസ്റ്റർ ചെയ്ത 28 കേസുകളിലും കുറ്റപത്രം സമർപ്പിച്ചിട്ടുണ്ടെന്നും ബാക്കിയുള്ളവയിൽ വിചാരണ തുടരുകയാണെന്നും പോലീസ് അറിയിച്ചു.





