ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു
ഒരു തമിഴ് സിനിമയുടെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങി ഏറെ ട്വിസ്റ്റുകള്‍ക്കൊടുവില്‍ ടിവികെ അദ്ധ്യക്ഷൻ ചലച്ചിത്രനടൻ സി ജോസഫ് വിജയ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.
മെയ് 10 രാവിലെ പത്ത് മണിക്ക് ചെന്നൈ ജവഹർലാല്‍ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലാണ് 10 അംഗ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നത്. ഗവർണർ രാജേന്ദ്ര ആർലേക്കർ സത്യവാചകം ചൊല്ലിക്കൊടുത്തു.
വിജയ്ക്ക് ഒപ്പം അദ്ദേഹത്തിന് കക്ഷിയിലെ 9 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തിന്റെ എല്ലായിടത്തും വിജയ് ആരാധകർ ഉത്സവ തിമിർപ്പിലാണ്.59 വർഷത്തിനുശേഷം കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന തമിഴ്നാട് മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷ്യം വഹിക്കാൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി എത്തി. ഡിഎംകെ സഖ്യത്തിനൊപ്പം ജയിച്ച കോണ്‍ഗ്രസിന്റെ 5 എംഎല്‍എമാരില്‍ രണ്ടു പേർ മന്ത്രിമാരാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.
വിജയുടെ അടുത്ത സുഹൃത്തും സിനിമ താരവുമായ തൃഷ എന്നിവർ ഉള്‍പ്പെടെയുള്ള ഉള്‍പ്പെടെയുള്ള പ്രമുഖർ ചടങ്ങില്‍ പങ്കെടുത്തു.സിപിഎം സിപിഐ കക്ഷികള്‍ സർക്കാരിനെ പിന്തുണയ്ക്കുന്നുണ്ട്.അഞ്ച് ദിവസത്തെ രാഷ്ട്രീയ നീക്കങ്ങളും ഗവർണറുമായുള്ള നാല് കൂടിക്കാഴ്ചകളും കഴിഞ്ഞതിന് ശേഷം മേയ് 9 വൈകിട്ട് നാല് മണിയോടെയാണ് വിജയിയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചത്.
രണ്ടുവർഷം മുമ്പ് രൂപംകൊണ്ട ടിവികെ, ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ സംസ്ഥാന രാഷ്ട്രീയത്തില്‍ വൻ മുന്നേറ്റം സൃഷ്ടിച്ചാണ് അധികാരത്തിലെത്തുന്നത്. വെല്ലുവിളികള്‍ക്കും ആശങ്കകള്‍ക്കുമൊടുവിലായിരുന്നു വിജയക്ക് മുഖ്യമന്ത്രിക്കസേര ലഭിച്ചത്.
മെയ് 9 വൈകുന്നേരം വിസികെയുടെ പിന്തുണ ലഭിച്ചതോടെ അനിശ്ചിതത്വത്തിന് അന്ത്യമായി. പിന്നാലെ മുസ്ലീം ലീഗും പിന്തുണക്കത്ത് നല്‍കിയിരുന്നു. ഇതോടെ ടിവികെ കേവല ഭൂരിപക്ഷം കടന്ന് കക്ഷിനില 121 ആയി ഉയർന്നു. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ഡിഎംകെ മുന്നണിയിലുണ്ടായിരുന്ന പാർട്ടികളുടെ പിന്തുണയോടെയാണ് 120 എംഎല്‍എമാരുടെ ഭൂരിപക്ഷം തെളിയിച്ചത്.
തിരഞ്ഞെടുപ്പില്‍ 234 അംഗ നിയമസഭയില്‍ 108 സീറ്റുകളാണ് ടിവികെ നേടിയത്. ഇതോടെ പതിറ്റാണ്ടുകളായി തമിഴ്നാട് രാഷ്ട്രീയത്തില്‍ ആധിപത്യം പുലർത്തിയിരുന്ന ഡിഎംകെ അണ്ണാ ഡിഎംകെ ദ്രാവിഡ കക്ഷികളെ പിന്തള്ളിക്കൊണ്ട് വിജയ് പുതിയ രാഷ്ട്രീയ ശക്തിയായി ഉയർന്നു. എന്നാല്‍ ഭൂരിപക്ഷത്തിന് ആവശ്യമായ 118 സീറ്റുകളില്‍ നിന്ന് 10 സീറ്റുകള്‍ കുറവായതിനാല്‍ സർക്കാർ രൂപീകരണം അനിശ്ചിതാവസ്ഥയിലായി. തുടർന്ന് കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരുടെ പിന്തുണ ലഭിച്ചതോടെ വിജയ് ബുധനാഴ്ച ഗവർണർ രാജേന്ദ്ര അർലേക്കറെ കണ്ടു സർക്കാർ രൂപീകരണ അവകാശവാദം ഉന്നയിച്ചു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷമുള്ള മുന്നണി ആയതിനാല്‍ കൂടുതല്‍ പിന്തുണ ഉറപ്പാക്കണമെന്ന് ഗവർണർ നിർദേശിക്കുകയായിരുന്നു.







