നെടുംകണ്ടം ഇരട്ട കൊലപാതക കേസിൽ പ്രതിയെ പോലിസ് കസ്റ്റഡിയിൽ വാങ്ങി. സംഭവത്തിൽ കൂടുതൽ തെളിവെടുപ്പും ചോദ്യം ചെയ്യലും നടക്കും.പ്രതിയ്ക്കെതിരെ ബലാത്സംഗ ആരോപണവും ഉയരുന്നു
നെടുംകണ്ടം പച്ചടി സ്വദേശിയായ മേരികുട്ടിയേയും മകൻ സജിയെയും കൊലപെടുത്തി കുഴിച്ചു മൂടിയ സംഭവത്തിൽ ജയിലിൽ കഴിയുന്ന പ്രതി സജിയെ നാല് ദിവസത്തേയ്ക്കാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങിയിരിയ്ക്കുന്നത്. മൃതദേഹങ്ങൾ കുഴിച്ചിടാൻ ഉപയോഗിച്ച ആയുധങ്ങളും പ്രതിയുടെ മൊബൈൽ ഫോണും കണ്ടെത്താനുണ്ട്. ഒളുവിൽ കഴിഞ്ഞപ്പോൾ മൊബൈൽ മലമുകളിൽ ഉപേക്ഷിച്ചെന്നാണ് സജി പോലീസിനോട് പറഞ്ഞിട്ടുള്ളത്. ഇത് കണ്ടെത്താൻ തെരച്ചിൽ നടത്തും.
അമ്മയേയും സഹോദരനെയും കൊലപ്പെടുത്താൻ മറ്റെന്തെങ്കിലും കാരണം ഉണ്ടോ എന്നും 2018 ഇൽ സജിയുടെ പിതാവ് മാത്യുവിനെ കാണാതായതിന് പിന്നിൽ ഇയാൾക്ക് ബന്ധം ഉണ്ടോ എന്നും അന്വേഷിയ്ക്കും. ഇതോടൊപ്പം രണ്ട് സ്ത്രീകളെ സജി ലൈംഗിക ചൂഷണത്തിന് ഇരയാക്കിയതായും പോലിസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സംഭവത്തിലും അന്വേഷണം നടത്തി ആവശ്യമായ തെളിവുകൾ ശേഖരിച്ച ശേഷം പ്രത്യേകം കേസ് രജിസ്റ്റർ ചെയ്യും. ശേഷം വീണ്ടും കസ്റ്റഡിയിൽ വാങ്ങാനാണ് പോലീസിന്റെ തീരുമാനം.





