കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്തമായ വേനൽ മഴയിൽ ഉപ്പുതറ ചീന്തലാർ പുതുക്കടയിൽ ലയ മുറികൾ തകർന്നു. മഴയോടൊപ്പം ഉണ്ടായ ശക്തമായ ഇടിമിന്നലേറ്റാണ് 3 കുടുംബങ്ങളുടെ ലയമുറികൾ തകർന്നത്.
കനത്ത മഴയിലും കാറ്റിലും പുളക്കട തേവർത്തിൻ്റെ തൊഴിലാളി ലയത്തിൻ്റെ മേൽക്കൂര തകർന്നടിഞ്ഞു.ചീന്തലാർ പുതുക്കട രണ്ടാം ഡിവിഷനിൽ തേവർ ലയം ഡിവിഷനിലെ അന്നത്തായി ദേവരാജ്, അമാവാസി എന്നിവർ താമസിക്കുന്ന ലയമുറികളാണ് തകർന്നത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെ ഉണ്ടായ മഴയോടൊപ്പമുണ്ടായ ഇടിമിന്നലേറ്റാണ് ലചുറികൾ തകർന്നത്.
കിടപ്പുമുറികളും, അടുക്കളയുമാണ് തകർന്നത്. ആസ്ബറ്റോസ് ഷീറ്റും, ഓടും കാറ്റിൽ പറന്നു പോയി . മേൽക്കൂരയും തകർന്നു.കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ളവർ വീട്ടിൽ ഉണ്ടായിരുന്നു. മഴ തുടങ്ങിയപ്പോൾ തന്നെ മുൻവശത്തെ അടച്ചു കെട്ടിയ തിണ്ണയിലേക്ക് മാറിയതിനാൽ ദുരന്തം ഒഴിവായി . സ്വന്തം ചിലവിൽ ഒരാഴ്ച മുമ്പ് ഓട് മാറി ഷീറ്റിടുകയും നവീകരണ പ്രവർത്തനം നടത്തിയ ലയത്തിനാണ് കേട്പാടുകൾ സംഭവിച്ചത്.
ലയങ്ങൾ നവീകരിക്കാൻ 2023 -24 വർഷങ്ങളിലായി 20 കോടി രൂപ സർക്കാർ അനുവദിച്ചെങ്കിലും തുടർ നടപടി ഉണ്ടായില്ല. ചോർന്നൊലിക്കുന്ന ലയങ്ങൾ സ്വന്തമായി അറ്റകുറ്റ പണികൾ നടത്തിയാണ് തൊഴിലാളികൾ അതിനുള്ളിൽ കഴിഞ്ഞു കൂടുന്നത്.





