കുടിയേറ്റ ജനതയെ അലട്ടിയ ഭൂപ്രശ്‌നങ്ങള്‍ പരിഹരിച്ച സര്‍ക്കാര്‍: റോഷി.- വാത്തിക്കുടി പഞ്ചായത്തില്‍ റോഷിക്ക് ഊഷ്മള സ്വീകരണം
മുരിക്കാശ്ശേരി: ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യമുണ്ടെന്ന് റോഷി അഗസ്റ്റിന്‍. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ മണ്ഡല പര്യടനത്തിന്റെ ഭാഗമായി വാത്തിക്കുടി പഞ്ചായത്തില്‍ നടത്തിയ പര്യടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന് രേഖപ്പെടുത്തിയ ഭൂമിക്ക് പട്ടയം നല്‍കാനുള്ള ഉത്തരവിറക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞത് ഹൈറേഞ്ചിലെ ജനങ്ങള്‍ക്ക് ഏറെ ആശ്വാസകരമാണ്. ഭൂപ്രശ്‌നങ്ങള്‍ ഒന്നൊന്നായി പരിഹരിച്ച സര്‍ക്കാരാണിത്. ആദ്യം നിയമം ഭേദഗതി ചെയ്തു. പിന്നീട് കുടിയേറ്റ ജനതയ്ക്ക് അനുകൂലമായി ചട്ടം രൂപീകരിച്ചു. ഇടുക്കിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പട്ടയം വിതരണം ചെയ്ത ജനകീയ സര്‍ക്കാരാണിതെന്നും റോഷി അഗസ്റ്റിന്‍ പറഞ്ഞു.
സിഎച്ച്ആര്‍ ഭൂമിയില്‍ പട്ടയം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് നേതൃത്വം നല്‍കിയ റോഷി അഗസ്റ്റിന് വാത്തിക്കുടി പഞ്ചായത്തില്‍ ഊഷ്മള സ്വീകരണമാണ് ലഭിച്ചത്. വിവിധ പോയിന്റുകളില്‍ രാഷ്ട്രീയത്തിന് അതീതമായി ജനങ്ങള്‍ സ്ഥാനാര്‍ഥിയെ സ്വീകരിക്കാന്‍ എത്തിയത് ശ്രദ്ധേയമായി. പട്ടയം നല്‍കാനുള്ള ഉത്തരവ് സംബന്ധിച്ച് ചില കേന്ദ്രങ്ങൡ നിന്ന് പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങളുടെ നിജസ്ഥിതി തേടിയെത്തിയവരോട് റോഷി അഗസ്റ്റിന്‍ ഉത്തരവിന്റെ വിശദാംശങ്ങള്‍ കൃത്യമായി വിവരിച്ചു നല്‍കിയാണ് അടുത്ത പോയിന്റിലേക്ക് പോയത്.
വാത്തിക്കുടി പഞ്ചായത്തിലെ പര്യടനം എന്‍സിപി ജില്ലാ പ്രസിഡന്റ് അനില്‍ കൂവപ്ലാക്കല്‍ ദൈവംമേട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സിപിഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി എം.കെ. പ്രിയന്‍ തോംപ്രാംകുടിയില്‍ നടന്ന സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. കാഞ്ചിയാര്‍ - മരിയാപുരം പഞ്ചായത്തുകളിലാണ് ഞായറാഴ്ചത്തെ പര്യടനം നിശ്ചയിച്ചിട്ടുള്ളത്.



