നെടുമങ്ങാട്ട് എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ വീട്ടുപടിക്കല്‍ റീത്ത്; പേരെഴുതി വെച്ച് ഭീഷണി; സമഗ്രാന്വേഷണം വേണമെന്ന ആവശ്യം ശക്തം
തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുക്കുന്നതിനിടെ നെടുമങ്ങാട്ട് എല്‍ഡിഎഫ് പ്രവർത്തകരുടെ വീടുകള്‍ക്ക് മുന്നില്‍ റീത്ത് വച്ച് ഭീഷണി.മന്നൂർക്കോണം സ്വദേശികളായ അഖില്‍ നന്ദു, സണ്ണി, പേരില സ്വദേശികളായ ജയ റോസ്, ബിനോയ് എന്നിവരുടെ വീട്ടുപടിക്കലാണ് വ്യാഴാഴ്ച പുലർച്ചെ റീത്തുകള്‍ പ്രത്യക്ഷപ്പെട്ടത്. സംഭവത്തില്‍ വലിയമല പോലീസ് അന്വേഷണം ആരംഭിച്ചു.റീത്തുകളില്‍ ഒട്ടിച്ച വെള്ളക്കടലാസില്‍ പ്രവർത്തകരുടെ പേരും രേഖപ്പെടുത്തിയിട്ടുണ്ട്. നെടുമങ്ങാട്ടെ എല്‍ഡിഎഫ് സ്ഥാനാർത്ഥി ജി.ആർ. അനിലിന്റെ പ്രചാരണ പ്രവർത്തനങ്ങളില്‍ സജീവമായവരാണ് ഇവർ. പ്രദേശത്തെ ചുവരെഴുത്ത്, പോസ്റ്റർ പതിപ്പിക്കല്‍, ഭവനസന്ദർശനം എന്നിവയ്ക്ക് നേതൃത്വം നല്‍കുന്നത് ഇവരാണ്. പ്രവർത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനും ഭീതി പടർത്താനുമാണ് അജ്ഞാതസംഘം റീത്ത് വെച്ചതെന്ന് എല്‍ഡിഎഫ് ആരോപിച്ചു.
സ്ഥാനാർത്ഥി ജി.ആർ. അനിലും മറ്റ് എല്‍ഡിഎഫ് നേതാക്കളും സംഭവസ്ഥലം സന്ദർശിച്ചു. ആരും പരിഭ്രാന്തരാകേണ്ടതില്ലെന്നും കുറ്റവാളികളെ ഉടൻ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും നേതാക്കള്‍ ഉറപ്പുനല്‍കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചുവരികയാണ്. സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് എല്‍ഡിഎഫ് നിയോജകമണ്ഡലം ഭാരവാഹികളായ ആർ. ജയദേവൻ, കെ.പി. പ്രമോഷ്, പാട്ടത്തില്‍ ഷെരീഫ് എന്നിവർ ആവശ്യപ്പെട്ടു.



