വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പണി കിട്ടും! സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പോലീസ്, നിരവധി യുആര്‍എല്ലുകള്‍ നീക്കം ചെയ്തു
നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ ദുരുപയോഗം ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടികളുമായി കേരള പോലീസ്.സോഷ്യല്‍ മീഡിയ വഴി വ്യാജവാർത്തകളും തെറ്റായ വ്യാഖ്യാനങ്ങളും പ്രചരിപ്പിക്കുന്ന നിരവധി അക്കൗണ്ടുകളും യുആർഎല്ലുകളും ഇതിനകം തന്നെ നീക്കം ചെയ്തതായി സൈബർ ഓപ്പറേഷൻസ് വിഭാഗം അറിയിച്ചു.തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടുള്ളതും നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ അടങ്ങിയതുമായ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ പൂർണ്ണമായും നീക്കം ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചു. ഇതിനായി പ്രമുഖ സോഷ്യല്‍ മീഡിയ കമ്പനികളുമായി പോലീസ് സഹകരിക്കുന്നുണ്ട്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഔദ്യോഗികമായി വ്യക്തത വരുത്തിയ കാര്യങ്ങളില്‍ പോലും തെറ്റായ വിവരങ്ങള്‍ ചേർത്ത് പ്രചരിപ്പിക്കുന്നത് ഗൗരവകരമായാണ് പൊലീസ് കാണുന്നത്.ബോധപൂർവ്വം വ്യാജവാർത്തകള്‍ നിർമ്മിക്കുന്നവർക്കും അത് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും മറ്റും പങ്കുവെക്കുന്നവർക്കുമെതിരെ ക്രിമിനല്‍ കേസുകള്‍ ഉള്‍പ്പെടെയുള്ള കർശനമായ ശിക്ഷാനടപടികള്‍ സ്വീകരിക്കും. വാട്സ്‌ആപ്പ് ഗ്രൂപ്പുകളിലോ മറ്റ് പ്ലാറ്റ്‌ഫോമുകളിലോ വരുന്ന സ്ഥിരീകരിക്കാത്ത വാർത്തകള്‍ ഫോർവേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെയോ കേരള പോലീസിന്റെയോ ഔദ്യോഗിക പേജുകളെ മാത്രം ആശ്രയിക്കുക.തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഡിജിറ്റല്‍ ഇടങ്ങളിലെ ഓരോ നീക്കവും നിരീക്ഷണത്തിലാണെന്ന് ഓർക്കുക. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാൻ പൊതുജനങ്ങള്‍ പോലീസുമായി സഹകരിക്കണമെന്ന് സൈബർ വിഭാഗം അഭ്യർത്ഥിച്ചു.



