പാചകവാതക ക്ഷാമം ; പൊറോട്ടയ്ക്ക് 3 രൂപ വര്‍ധിച്ചു, ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നു
ആലപ്പുഴയില്‍ പാചകവാതക ക്ഷാമം രൂക്ഷമായതോടെ ഹോട്ടല്‍ മേഖല കനത്ത പ്രതിസന്ധിയിലായിരിക്കുകയാണ്. എല്‍പിജി ലഭ്യത കുറഞ്ഞതിനൊപ്പം പാമോയിലിന് വില വർധിച്ചതും തിരിച്ചടിയായതോടെ ജില്ലയിലെ ഹോട്ടലുകളില്‍ പൊറോട്ടയ്ക്ക് മൂന്ന് രൂപ വർധിപ്പിച്ചു.നേരത്തെ തന്നെ ബിരിയാണിക്കും വിവിധ കറികള്‍ക്കും വില കൂട്ടിയിരുന്നു. ഇന്ധന പ്രതിസന്ധി താങ്ങാനാവാതെ പല ഹോട്ടലുകളും ഇതിനോടകം അടച്ചുപൂട്ടിയിരിക്കുകയാണ്. ചെറിയ പെരുന്നാള്‍ ആഘോഷങ്ങള്‍ക്കായി അടച്ച പല ഹോട്ടലുകളും ഗ്യാസ് ക്ഷാമം മൂലം പിന്നീട് തുറക്കാൻ സാധിക്കാത്ത അവസ്ഥയിലാണ്.
പ്രതിസന്ധി മറികടക്കാൻ ആവശ്യമെങ്കില്‍ വിഭവങ്ങള്‍ക്ക് വില വർധിപ്പിക്കാൻ കേരള ഹോട്ടല്‍ ആൻഡ് റസ്റ്ററന്റ്സ് അസോസിയേഷൻ നിർദ്ദേശം നല്‍കിയിട്ടുണ്ട്. ഹോട്ടലുകള്‍ക്ക് ആവശ്യമായ പാചകവാതകത്തിന്റെ 20 ശതമാനം നല്‍കാമെന്ന് അധികൃതർ ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതുവരെ നടപ്പിലായിട്ടില്ല. ഈ വാഗ്ദാനം പാലിച്ചില്ലെങ്കില്‍ സമരം ശക്തമാക്കാനാണ് അസോസിയേഷന്റെ തീരുമാനം. നിലവില്‍ തൊഴിലാളികളുടെ ചെലവിനുള്ള പണം കണ്ടെത്താൻ വേണ്ടി മാത്രമാണ് പല ഹോട്ടലുകളും കഷ്ടിച്ച് പ്രവർത്തിച്ചുപോകുന്നത്.പാചകവാതകത്തിന്റെ ഉപയോഗം കുറയ്ക്കാനായി കനലില്‍ ചുട്ടെടുക്കുന്ന അല്‍ഫാം പോലുള്ള വിഭവങ്ങള്‍ക്കാണ് ഇപ്പോള്‍ ഹോട്ടലുടമകള്‍ മുൻഗണന നല്‍കുന്നത്. കറികള്‍ മണിക്കൂറുകളോളം ചൂടോടെ നിലനിർത്താൻ ഗ്യാസ് ഉപയോഗിക്കുന്നത് ഒഴിവാക്കി, പകരം അറക്കപ്പൊടി നിറച്ച കുറ്റി അടുപ്പുകള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.



