മലപ്പുറത്ത് പ്രതിയെ പിടികൂടുന്നതിനിടെ സിഐയ്ക്ക് കുത്തേറ്റു
പരപ്പനങ്ങാടിയില്‍ അക്രമാസക്തനായ പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ സർക്കിള്‍ ഇൻസ്പെക്ടർക്ക് കുത്തേറ്റു.പരപ്പനങ്ങാടി സിഐ സ്റ്റെപ്‌റ്റോ ജോണിനാണ് ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇടതുകൈയ്ക്ക് ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. നിലവില്‍ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് അദ്ദേഹം.പരപ്പനങ്ങാടി കുപ്പിവളവ് ഭാഗത്ത് ഇന്നലെയായിരുന്നു സംഭവം. പ്രദേശത്ത് നാട്ടുകാർക്ക് ബുദ്ധിമുട്ടുണ്ടാക്കി അക്രമാസക്തനായി നിന്ന ഒരാളെക്കുറിച്ച് വിവരം ലഭിച്ചതിനെത്തുടർന്നാണ് സിഐയും സംഘവും സ്ഥലത്തെത്തിയത്. ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ കൈയ്യിലുണ്ടായിരുന്ന പൊട്ടിയ ഗ്ലാസ് ഉപയോഗിച്ച് പ്രതി സിഐയെ കുത്തുകയായിരുന്നു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി സൂചനയുണ്ടെന്ന് പോലീസ് പറഞ്ഞു.ആക്രമണത്തിന് ശേഷം പ്രതിയെ പോലീസ് സംഘം ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി. ഇയാള്‍ക്കെതിരെ വധശ്രമത്തിനും ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും കേസെടുത്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി അറിയിച്ചു.

