വൈദ്യുതി മേഖലയിൽ സർക്കാർ നടത്തിയത് 25,500 കോടിയുടെ നിക്ഷേപം: മന്ത്രി കെ. കൃഷ്ണൻകുട്ടി
കേരളത്തിന്റെ വൈദ്യുതി മേഖലയിൽ, ഉത്പാദന, പ്രസരണ, വിതരണ രംഗങ്ങളിലായി 25,500 കോടി രൂപയുടെ നിക്ഷേപമാണ് സർക്കാർ നടത്തിയതെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണൻകുട്ടി. പള്ളിവാസൽ വിപുലീകരണ പദ്ധതിയുടെയും ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെയും ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉത്പാദന മേഖലയിൽ കഴിഞ്ഞ 5 വർഷത്തിനിടയിൽ 3275.82 കോടി രൂപയുടെ നിക്ഷേപമാണ് നടത്തിയത്. ഇതിലൂടെ ആകെ 2395 മെഗാവാട്ടിൻ്റെ അധിക ഉത്പാദന ശേഷി സംസ്ഥാനത്തിന് കൈവരിക്കാനായി.
ഒട്ടുമിക്ക സംസ്ഥാനങ്ങളും വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാനും കേന്ദ്രസർക്കാരിൻ്റെ ഇലക്ട്രിസിറ്റി ആക്ട് ഭേദഗതിയിലൂടെയും പുതിയ നയങ്ങളിലൂടെയും വൈദ്യുതി മേഖല കോർപ്പറേറ്റുകൾക്ക് അടിയറവ് വെയ്ക്കാനും ശ്രമിക്കുമ്പോൾ കേരളം അതിനെ തള്ളിപ്പറയുന്ന നിലപാടാണ് സ്വീകരിച്ചത്. സ്വകാര്യവൽക്കരണത്തിൻ്റെ എല്ലാ നീക്കങ്ങളെയും എല്ലാ വേദികളിലും കേരളം ശക്തമായി എതിർത്തിട്ടുണ്ട്. നമ്മുടേത് ലാഭം കണക്കിലെടുക്കാത്ത സേവന മേഖലയാണ്. അതുകൊണ്ട് തന്നെ കേരളം ഇന്ന് രാജ്യത്തിന്റെ തന്നെ ഒരു റോൾ മോഡലാണ്. ലോഡ് ഷെഡിംഗും പവർകട്ടും കൊണ്ട് സാധാരണ ജീവിതത്തെ ശ്വാസം മുട്ടിച്ച കാലത്ത് നിന്നാണ് ഇതൊന്നുമില്ലാത്ത കേരളത്തിൽ നമ്മൾ ഇന്ന് ജീവിക്കുന്നത്. പ്രഖ്യാപനങ്ങൾക്കപ്പുറം പ്രായോഗികമായ വികസനം എങ്ങനെ നടപ്പാക്കാം എന്ന് സർക്കാർ കഴിഞ്ഞ 10 വർഷത്തിനിടയിൽ കാണിച്ചു തന്നു.
കെ.എസ്.ഇ.ബി.യുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സർക്കാർ നടത്തിയ ഇടപെടലുകൾ വിപ്ലവകരമാണ്. കൃത്യമായ ആസൂത്രണത്തിലൂടെ വൈദ്യുതി ചെലവ് കുറയ്ക്കാൻ സാധിക്കുന്നു എന്നത് ഈ വിജയത്തിൻ്റെ കാരണമാണ്.പകൽ സമയത്ത് സൗരോർജ്ജം ഉപയോഗിച്ച് വെള്ളം ഡാമിലേക്ക് പമ്പ് ചെയ്യാനും, രാത്രിയിൽ ഇത് വൈദ്യുതി ആക്കി മാറ്റാനും നമുക്ക് സാധിക്കും. പമ്പ്ഡ് സ്റ്റോറേജ്, ജലവൈദ്യുതീകരണം വികസിപ്പിക്കാനുള്ള സംസ്ഥാന പമ്പ്ഡ് സ്റ്റോറേജ് നയത്തിന്റെ രൂപീകരണം അന്തിമ ഘട്ടത്തിലാണ്.
കേരളത്തിന്റെ ഊർജ്ജ കലവറയായ ഇടുക്കിയിൽ ഈ മന്ത്രിസഭയുടെ കാലയളവിൽ നടന്ന വികസന പ്രവർത്തനങ്ങൾ സമാധാനങ്ങളില്ലാത്തതാണ്. മുഖ്യമന്ത്രി നാടിനു സമർപ്പിക്കുന്ന 60 മെഗാവാട്ട് പള്ളിവാസൽ വിപുലീകരണ പദ്ധതി, 2024 ൽ കമ്മീഷൻ ചെയ്ത 40 മെഗാവാട്ട് തൊട്ടിയാർ എന്നിവ ഇതിൽ പ്രധാനമാണ്. 220 കെവി പള്ളിവാസൽ സബ്സ്റ്റേഷനും, വൈദ്യുതി വിതരണം സുഗമമാക്കുന്ന 220 കെവി പള്ളിവാസൽ -ആലുവ ലൈനും യാഥാർഥ്യമായി. 24 മെഗാവാട്ട് ചിന്നാർ, 40 മെഗാവാട്ട് മാങ്കുളം പദ്ധതികൾ ഈ വർഷം തന്നെ പൂർത്തിയാക്കും. അപ്പർ ചെങ്കുളം പദ്ധതിയുടെ നിർമ്മാണോദ്ഘാടനം 2020 ൽ നിർവഹിച്ചു. അപ്പർ കല്ലാർ പദ്ധതി പൂർത്തിയാക്കി. സാധാരണക്കാർക്ക് താങ്ങാവുന്ന നിലയിൽ വൈദ്യുതി നൽകുക എന്നത് സർക്കാരിൻ്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും മന്ത്രി പറഞ്ഞു.
ജില്ലയിലെ ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിലാണ് പള്ളിവാസൽ വിപുലീകരണ പദ്ധതി സ്ഥാപിച്ചിരിക്കുന്നത്. കേരളത്തിൻ്റെ ഊർജ കലവറയായ മുതിരപ്പുഴയാറിന്റെ തീരത്താണ് പദ്ധതി. പ്രധാനമായും മാട്ടുപ്പെട്ടി, കുണ്ടള എന്നീ ജലസംഭരണികളിലെ വെള്ളം ഉപയോഗിച്ചാണ് പദ്ധതി പ്രവർത്തിക്കുന്നത്.
പദ്ധതിക്കായി മൂന്നാറിൽ നിലവിലുള്ള രാമസ്വാമി അയ്യർ ഹെഡ് വർക്‌സിൽ പുതിയ ഇൻടേക്ക് സ്ഥാപിച്ച് ഏകദേശം 4.5 കി.മീ. ദൈർഘ്യമുള്ള തുരങ്കം വഴി വെള്ളം തിരിച്ചുവിട്ട് വാൽവ് ഹൗസിൽ എത്തിക്കുന്നു. അവിടെനിന്ന് വെള്ളം പുതിയ പെൻസ്‌റ്റോക്കിലൂടെ നിലവിലുള്ള പള്ളിവാസൽ പദ്ധതിക്ക് സമീപം സ്ഥാപിച്ചിട്ടുള്ള വൈദ്യുതി നിലയത്തിൽ എത്തിച്ച് ഉൽപ്പാദനം നടത്തുന്നു. പള്ളിവാസൽ വിപുലീകരണ പദ്ധതിയിൽ 30 മെഗാവാട്ട് ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് പ്രവർത്തിക്കുന്നത്. കൂടാതെ ഇതിനോടനുബന്ധിച്ച് 220 കെ.വി. സബ്സ്‌റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. പദ്ധതിയുടെ വാർഷിക ഉൽപ്പാദനം 153.90 ദശലക്ഷം യൂണിറ്റാണ്. നിർമ്മാണ ചെലവ് 594.37 കോടി രൂപയാണ്.

