ജനവാസ മേഖലയില്‍ നിന്ന് 110 കെ. വി. വൈദ്യുതി ലൈന്‍ മാറ്റിയത് കൂട്ടായ പരിശ്രമത്തിന്റെ വിജയമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍
കാഞ്ചിയാര്‍ ജനവാസ മേഖലയില്‍ കൂടി കടന്നുപോകേണ്ടിയിരുന്ന 110 കെ.വി വൈദ്യുത ലൈനിന്റെ റൂട്ട് മാറ്റിയത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. 110 കെ.വി. വൈദ്യുത ലൈന്‍ റൂട്ട് ജനവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ചേര്‍ന്ന പ്രഖ്യാപന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 110 കെ.വി. ഡബിള്‍ സര്‍ക്യൂട്ട് ലൈന്‍ വരുന്നത് മികച്ച തീരുമാനം ആയിരുന്നെങ്കിലും പള്ളി, ക്ഷേത്രങ്ങള്‍, സ്‌കൂളുകള്‍, കൃഷിഭൂമി തുടങ്ങിയവയും 624 കുടുംബങ്ങളും ഉള്‍പ്പെടുന്ന ജനവാസമേഖലയില്‍ കൂടി കടന്ന് പോകുമ്പോഴുള്ള ബുദ്ധിമുട്ടുകളും നഷ്ടങ്ങളും വലുതായിരുന്നു.
അതിനാല്‍ ജനകീയ സമിതി നിരവധി തവണ സമരം ചെയ്യുകയും മന്ത്രിയും ഉടുമ്പന്‍ചോല എം എല്‍. എ എം. എം മണി, ജില്ലാ കളക്ടര്‍ ദിനേശന്‍ ചെറുവാട്ട്, വനം വകുപ്പ് ഉദ്യോഗസ്ഥര്‍, ജനകീയ കര്‍ഷക സമിതി അംഗങ്ങള്‍ തുടങ്ങിയവരും സംയുക്തമായി തീരുമാനിച്ച് പരിഹാരം കണ്ടെത്തി. ഇതിനായി ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരോട് കൂടിയാലോചിച്ചു. പദ്ധതിക്കായി വനം വകുപ്പിന് നഷ്ടമാകുന്ന സ്ഥലത്തിന് പകരമായി ചിന്നക്കനാലില്‍ 34 ഹെക്ടര്‍ ഭൂമി കണ്ടെത്താനുള്ള പ്രവര്‍ത്തനം തുടങ്ങി. കൂടാതെ 110 കെ. വി യുടെ റൂട്ട് മാറ്റി സ്ഥാപിക്കുന്നതിന് 110 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികളും തുടങ്ങി. ജനങ്ങളുടെ ഏത് പ്രശ്‌നത്തിനും പരിഹാരം കാണുമെന്നും ഒന്നിച്ച് പ്രവര്‍ത്തിക്കുമെന്നും മന്ത്രി പറഞ്ഞു.
110 കെ. വി ലൈന്‍ റൂട്ട് ജനവാസ മേഖലയില്‍ നിന്ന് മാറ്റി സ്ഥാപിക്കണമെന്ന കാഞ്ചിയാര്‍ നിവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് പരിഹാരമായത്. ജനവാസ മേഖലകളെ ഒഴിവാക്കി അയ്യപ്പന്‍കോവില്‍- മുരിക്കാട്ടുകുടി- തേക്ക് പ്ലാന്റെഷന്‍ - അഞ്ചുരുളി - വാഴവര- നിര്‍മ്മലാസിറ്റിയിലേക്കാണ് 110 കെ.വി ലൈനിന്റെ റൂട്ട് നിലവില്‍ മാറ്റുന്നത്. കാഞ്ചിയാര്‍ പഞ്ചായത്ത് സാംസ്‌കാരിക നിലയത്തില്‍ നടന്ന യോഗത്തില്‍ ജനകീയ കര്‍ഷക സമിതി ഭാരവാഹികളായ ഇയോബ് ജോണ്‍, എം. എസ് വര്‍ക്കി, കുര്യാച്ചന്‍ വേലംപറമ്പില്‍, വിവിധ വാര്‍ഡ് മെമ്പര്‍മാരായ സുമ രാജന്‍, ബിന്ദു മധുക്കുട്ടന്‍,ജലജ വിനോദ്, വിവിധ രാഷ്ട്രീയ നേതാക്കള്‍, കാഞ്ചിയാര്‍ ലൂര്‍ദ്മാതാ ചര്‍ച്ച് വികാരി ഫാ. ജോര്‍ജ് പൊന്നമ്പേല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

