അസാധ്യ കാര്യങ്ങൾ സാധ്യമാക്കുന്ന സർക്കാർ: റോഷി അഗസ്റ്റിൻ
കട്ടപ്പന: അസാധ്യമെന്ന് കരുതിയ പദ്ധതികൾ പോലും നടപ്പിലാക്കാൻ ഇച്ഛാശക്തിയുള്ള സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വയനാട് തുരങ്ക പാതയുടെ നിർമാണം ഇതിന് ഉദാഹരണമാണ്. അതു കൊണ്ട് തന്നെ കട്ടപ്പന - കമ്പം തുരങ്ക പാത യാഥാർഥ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. വികസന മുന്നേറ്റ യാത്രയുടെ മൂന്നാം ദിനത്തിലെ ആദ്യ കേന്ദ്രമായ സ്വരാജിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂപ്രശ്നങ്ങൾ ഓരോന്നായി പരിഹരിച്ചു വരികയാണ്. നിർമ്മിച്ച ഒരു കെട്ടിടവും കോടതി നിർദ്ദേശം വന്നു പൊളിക്കേണ്ടി വരില്ലെന്ന് ഉറപ്പാക്കിയത് പിണറായി വിജയൻ നേതൃത്വം നൽകുന്ന സർക്കാരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അർഹരായ എല്ലാവർക്കും പട്ടയം നൽകണം എന്നാണ് സർക്കാരിന്റെ നയം. എന്നാൽ കപട പരിസ്ഥിതിവാദികളെ മറയാക്കി ജനങ്ങൾക്ക് പട്ടയം നിഷേധിക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ നൽകുന്ന വാഗ്ദാനങ്ങൾ ഓരോന്നായി നിറവേറ്റുകയാണ്. അതിദാരിദ്ര്യം പൂർണമായും തുടച്ചു നീക്കിയ സർക്കാരാണിത്. ഇടുക്കിയുടെ സമഗ്ര വികസനത്തിന് ഇത്രയധികം പ്രാധാന്യം നൽകിയ മറ്റൊരു സർക്കാർ ഉണ്ടായിട്ടില്ല. വിദ്യാഭ്യാസ ആരോഗ്യ അടിസ്ഥാന സൗകര്യ വികസനങ്ങൾക്ക് വലിയ പ്രാധാന്യമാണു സർക്കാർ നൽകിയത്. വെറും 12 വർഷം പഴക്കമുള്ള ഇടുക്കി മെഡിക്കൽ കോളേജിനെ 50-60 വർഷം മുൻപ് തുടങ്ങിയ മെഡിക്കല് കോളേജുകളുമായി താരതമ്യം ചെയ്യുന്നത്. ഇത് നീതിയല്ല. ഓരോ വർഷവും കൂടുതൽ സൗകര്യങ്ങൾ ഒരുക്കി മെഡിക്കല് കോളേജിലെ ചികിത്സ കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമം കണ്ടില്ലെന്ന് നടിക്കരുതെന്നും മന്ത്രി പറഞ്ഞു. മൂന്നാം ദിനമായ ഇന്നലെ സ്വരാജ്, ലബ്ബക്കട, പുലിയൻമല എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചു കട്ടപ്പനയിൽ സമാപിച്ചു. കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
റോമിയോ സെബാസ്‌റ്റിയന്‍ മാനേജരായ ജാഥയില്‍ എം.കെ. പ്രിയന്‍ ആണ് വൈസ് ക്യാപ്‌റ്റന്‍. അംഗങ്ങളായ ഷാജി കാഞ്ഞമല, വി ആർ സജി, കെ. ജി. സത്യന്‍, സുനില്‍ സെബാസ്റ്റ്യന്‍, ഷിജോ തടത്തില്‍, ജയിംസ് മ്ലാക്കുഴി, അഭിലാഷ് മാത്യു, എം പി കുര്യൻ, സോമന്‍ എസ്. നായര്‍, Vk സലിം, (സിപിഎം ഏരിയ കമ്മറ്റി അംഗം), ജോമോൻ പൊടിപാറ (കേരള കോൺഗ്രസ് എം), എന്നിവർ പ്രസംഗിച്ചു.

