പള്ളിവാസൽ വിപുലീകരണ പദ്ധതി ഇന്ന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും
60 മെഗാവാട്ട് ഉത്പാദനശേഷിയുള്ള പള്ളിവാസൽ വിപുലീകരണ പദ്ധതി ഇന്ന് (12.03.2026) മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ ഇടുക്കി പദ്ധതിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവ്വഹിക്കും.
153.9 ദശലക്ഷം യൂണിറ്റ് പ്രതിവർഷം ഉത്പാദിപ്പിക്കാൻ കഴിയുന്ന പള്ളിവാസൽ വിപുലീകരണ പദ്ധതിയിൽ 30 മെഗാവാട്ട് വീതം ശേഷിയുള്ള രണ്ട് ജനറേറ്ററുകളാണ് ഉളളത്. കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതിയായ പള്ളിവാസൽ പദ്ധതിയുടെ ജലാശയത്തിലെ അധിക ജലലഭ്യത പ്രയോജനപ്പെടുത്തുകയാണ് വിപുലീകരണ പദ്ധതിയുടെ ലക്ഷ്യം. സ്വാതന്ത്ര്യലബ്ധിക്കുമുമ്പ് സ്ഥാപിച്ച പള്ളിവാസൽ പദ്ധതിയുടെ വിളിപ്പാടകലെയാണ് വിപുലീകരണ പദ്ധതിയുടെ നിലയം സ്ഥാപിച്ചിരിക്കുന്നത്.
വൈദ്യുതിവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി അധ്യക്ഷനാകുന്ന യോഗത്തിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ, ഡീൻ കുര്യാക്കോസ് എം പി, എം എൽ എ മാരായ എ രാജ, എം എം മണി, ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് ഷീല സ്റ്റീഫൻ, കെ എസ് ഇ ബി ചെയർമാൻ & മാനേജിംഗ് ഡയറക്ടർ മിൻഹാജ് ആലം ഐ എ എസ്, ഊർജ്ജവകുപ്പ് അഡീ. ചീഫ് സെക്രട്ടറി പുനീത് കുമാർ ഐ എ എസ്, , ജില്ലാ കളക്ടര്‍ ദിനേശൻ ചെറുവാട്ട് ഐ എ എസ് ജനറേഷൻ വിഭാഗം ഡയറക്ടർ സജീവ് ജി, തുടങ്ങിയവരും വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥ പ്രമുഖരും പങ്കെടുക്കും.
മൂന്നാറിലെ കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളിൽ സംഭരിച്ച ജലം, ലക്ഷ്മിയാർ, നല്ലതണ്ണിയാർ, മാട്ടുപ്പെട്ടിയാർ എന്നീ നദികളുടെ സംഗമസ്ഥലമായ ആർ. എ. ഹെഡ് വർക്‌സിൽ നിന്ന് ടണൽ വഴി തിരിച്ചുവിട്ട് പെൻസ്‌റ്റോക്കിലൂടെ പള്ളിവാസലിലെ വൈദ്യുതി നിലയത്തിൽ എത്തിച്ചാണ് നിലവിലെ പള്ളിവാസൽ പദ്ധതിയിൽ ഉത്പാദനം നടത്തിവരുന്നത്. ജലാശയത്തിലെ അധിക ജലലഭ്യതയും നിലവിലെ നിലയത്തിൻ്റെ കാലപ്പഴക്കവും പരിഗണിച്ചാണ് 60 മെഗാവാട്ട് കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന വിപുലീകരണ പദ്ധതി വിഭാവനം ചെയ്തത്.
ഏകദേശം 594.37 കോടി രൂപയാണ് ഈ പദ്ധതിയുടെ ചെലവ്. ജലവൈദ്യുത ഉത്പാദനരംഗത്ത് മികച്ചമുന്നേറ്റമാണ് കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ ഉണ്ടായത്. 40 മെഗാവാട്ട് ശേഷിയുള്ള തൊട്ടിയാർ പദ്ധതിക്കൊപ്പം 60 മെഗാവാട്ട് ശേഷിയുള്ള പള്ളിവാസൽ വിപുലീകരണപദ്ധതികൂടി യാഥാർഥ്യമായതോടെ കേരളത്തിൻ്റെ ജലവൈദ്യുത ഉത്പാദനശേഷിയിൽ 100 മെഗാവാട്ടിൻ്റെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്.

