*ഹില്ലി അക്വയ്‌ക്കെതിരേ നടത്തുന്നത്* *വ്യാജ പ്രചാരണം: മന്ത്രി റോഷി*
ഇടുക്കി: കട്ടപ്പനയിലും എറണാകുളത്തും ഹില്ലി അക്വയുടെ പുതിയ പ്ലാന്റുകള്‍ വരുന്നതുമായി ബന്ധപ്പെട്ട് തൊടുപുഴ പ്ലാന്റിന് മുന്നില്‍ നടത്തുന്ന സമരം രാഷ്ട്രീയ ലക്ഷ്യങ്ങളോടെ ഉള്ളതാണെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. പുതിയ പ്ലാന്റുകള്‍ ആരംഭിക്കുന്നതുമായി തൊടുപുഴ പ്ലാന്റിന് ഒരു ബന്ധവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തൊടുപുഴയിലെ ഹില്ലി അക്വ പ്ലാന്റ് അടച്ചു പൂട്ടാനല്ല സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്ലാന്റില്‍ പുതിയ ഒരു ലൈന്‍ കൂടി സ്ഥാപിച്ച് ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്. കുപ്പിവെള്ളം വിതരണം ചെയ്യുന്നതിനായി തൊടുപുഴ പ്ലാന്റിലേക്ക് പുതിയൊരു ലോറിയും വാങ്ങിക്കഴിഞ്ഞു. മുന്‍പ് ഒരു ഷിഫ്റ്റ് മാത്രം പ്രവര്‍ത്തിച്ചിരുന്ന സ്ഥാനത്ത് ഇന്ന് സ്ഥിരമായി രണ്ടു ഷിഫ്റ്റും ഉത്പാദനം കൂടുതല്‍ വേണ്ട ഘട്ടത്തില്‍ മൂന്നു ഷിഫ്റ്റും പ്രവര്‍ത്തിക്കുന്നുണ്ട്. നിരവധി പേര്‍ക്ക് തൊഴില്‍ നല്‍കുന്ന സ്ഥാപനം അടച്ചു പൂട്ടുമെന്ന് പ്രചാരണം സ്ഥാപനത്തിന്റെ വളര്‍ച്ചയെ തടയുക എന്ന ഗൂഢലക്ഷ്യത്തോടെയാണ് എന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കട്ടപ്പന പോലെ വികസിച്ചു വരുന്ന ഒരു നഗരത്തിന്റെ വികസനം തടയാന്‍ ലക്ഷ്യം വച്ചു കൊണ്ടുള്ള രാഷ്ട്രീയ സമരങ്ങളെ ജനം പുച്ഛിച്ചു തള്ളും. തൊടുപുഴ പ്ലാന്റിലെ യന്ത്രങ്ങള്‍ ഈടുവച്ചാണ് പുതിയ പ്ലാന്റുകള്‍ക്കുള്ള വായ്പ എടുത്തിരിക്കുന്നത് എന്നത് വ്യാജ പ്രാചാരണമാണ്. കട്ടപ്പനയില്‍ പുതിയതായി ആരംഭിക്കുന്ന പ്ലാന്റിലേക്ക് വാങ്ങുന്ന യന്ത്രങ്ങളാണ് വായ്പയ്ക്ക് ഈടായി നല്‍കിയിട്ടുള്ളത്. വലിയ തുക വായ്പ ലഭിക്കുന്നതിന് ഇത് സ്വാഭാവികമായ നടപടി മാത്രമാണ്. വായ്പ എടുക്കാതെ ഒരു വ്യവസായവും ആരംഭിക്കാന്‍ സാധ്യമല്ല. ഹില്ലി അക്വയുടെ സാന്നിധ്യം കേരളമൊട്ടാകെ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അതുവഴി നൂറു കണക്കിന് പേര്‍ക്ക് തൊഴിലവസരം സൃഷ്ടിക്കാനും സാധിക്കും. ഇത് തടയാനുള്ള ശ്രമം അപഹാസ്യമാണ്. പുതിയ പ്ലാന്റുകള്‍ തുടങ്ങുന്നതു കൊണ്ട് തൊടുപുഴ പ്ലാന്റ് അടുച്ചു പൂട്ടുമെന്ന് പ്രചരിപ്പിക്കുന്നത് സ്ഥാപനത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് മന്ത്രി വ്യക്തമാക്കി. ഉത്പാദനം ഇരട്ടിപ്പിക്കുന്നതിന്റെ ഭാഗമായി തൊടുപുഴ പ്ലാന്റില്‍ ഒരു അഡീഷണല്‍ പ്രൊഡക്ഷന്‍ ലൈന്‍ കൂടി സ്ഥാപിക്കുന്നതിനുള്ള ടെന്‍ഡര്‍ ക്ഷണിച്ചു കഴിഞ്ഞു. നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ ഉത്പാദനം ആരംഭിക്കും. വിതരണത്തിന് പുതിയ വാഹനം വാങ്ങിയതോടെ വടക്കന്‍ കേരളത്തില്‍ (വിവിധ ജയില്‍ ഫ്രീഡം ഫുഡ് യൂണിറ്റ് , സപ്ലൈകോ , കെ സ്റ്റോര്‍ , കെടിഡിസി മുതലായവ ) ഹില്ലി അക്വയുടെ സാന്നിധ്യം ശക്തമാക്കാന്‍ സാധിക്കും.കഴിഞ്ഞ 5 വര്‍ഷം കൊണ്ട് വില്‍പ്പനയിലും വരുമാനത്തിലും വന്‍ വര്‍ധനവാണ് ഹില്ലി അക്വയ്ക്ക് ഉണ്ടായിരിക്കുന്നത്. തൊടുപുഴ മൂലമറ്റം ഹൈവേയില്‍ സ്ഥിതിചെയ്യുന്ന ഹില്ലി അക്വയുടെ പ്ലാന്റില്‍ ഇവി ചാര്‍ജിങ് സ്റ്റേഷന്‍ സ്ഥാപിച്ചു. കമ്പനിയില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിരുന്നത് 1 ഷിഫ്റ്റ് 3 ഷിഫ്റ്റ് ആയി വര്‍ധിപ്പിച്ചു. സ്ഥിരമായി 2 ഉം അത്യാവശ്യഘട്ടങ്ങളില്‍ മൂന്നുമായാണ് ഷിഫ്റ്റ് വര്‍ധിപ്പിച്ചിട്ടുള്ളത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഹില്ലി അക്വയുടെ ആകെ വിറ്റ് വരവ് 5.22 കോടി രൂപയായിരുന്നത് 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 8.83 കോടി രൂപയായി വര്‍ധിച്ചു. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 11.40 കോടി രൂപയായി ഉയര്‍ന്നു.

