വയോധികയെ കെട്ടിയിട്ട് കൊലപ്പെടുത്തി; സ്വര്‍ണവും പണവും കവര്‍ന്നു
അഹമ്മദാബാദിലെ കുബേർനഗറില്‍ വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛാരൻനഗർ സ്വദേശിനി ഭാരതി ബജരംഗ് (65) ആണ് കൊല്ലപ്പെട്ടത്.ഭാരതി വീട്ടില്‍ തനിച്ചാണ് താമസിക്കുന്നത്. വീട്ടില്‍ സൂക്ഷിച്ചിരുന്ന സ്വർണവും പണവും മോഷണം പോയിട്ടുണ്ട്. ഭാരതിയുടെ അയല്‍വാസി വീടിന്റെ വാതില്‍ പലതവണ തട്ടിയിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് മകൻ ഹിതിഷ് ബജരംഗിനെ വിവരം അറിയിക്കുകയായിരുന്നു.ഹിതിഷും കുടുംബവും വാതില്‍ തകർന്ന് അകത്തു കയറിയപ്പോള്‍ കട്ടിലിന് സമീപം ഭാരതിയെ തുണികൊണ്ട് കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. തലയ്ക്ക് സമീപം രക്തം പുരണ്ട തലയിണ കണ്ടെത്തിയിട്ടുണ്ട്.ലോക്കറിലുണ്ടായിരുന്ന ഒന്നര പവന്റെ സ്വർണാഭരണങ്ങളും ഒരു ലക്ഷം രൂപയും നഷ്ടപ്പെട്ടിട്ടുണ്ട്. വീടിന് പിൻവശത്തെ അടുക്കള വാതില്‍ തുറന്നു കിടക്കുകയായിരുന്നുവെന്ന് ഹിതേഷ് പോലീസിനോട് പറഞ്ഞു. ഹിതേഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

