പാക്-അഫ്ഗാന്‍ ഏറ്റുമുട്ടല്‍: കാബൂളിലും കാണ്ഡഹാറിലും ബോംബാക്രമണം: തിരിച്ചടിച്ച് താലിബാന്‍
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മില്‍ സംഘര്‍ഷം രൂക്ഷം. കഴിഞ്ഞയാഴ്ച്ച പാകിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് മറുപടിയായി അഫ്ഗാന്‍ സൈന്യം പാക് അതിര്‍ത്തിക്കുള്ളില്‍ ശക്തമായ വ്യോമാക്രമണം നടത്തി.ഇതിന് പിന്നാലെ ഇന്ന് പുലര്‍ച്ചെ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലും പ്രധാന നഗരമായ കാണ്ഡഹാറിലും പാകിസ്ഥാന്‍ ശക്തമായ വ്യോമാക്രമണം നടത്തി. കാബൂള്‍, കാണ്ഡഹാര്‍, പക്തിയ പ്രവിശ്യകളിലാണ് പാക് വിമാനങ്ങള്‍ ബോംബിട്ടത്. കാബൂളില്‍ മാത്രം മൂന്നിലധികം സ്‌ഫോടനങ്ങള്‍ ഉണ്ടായതായാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ മേഖലയില്‍ യുദ്ധഭീതി നിലനില്‍ക്കുകയാണ്.
പാകിസ്ഥാന്‍ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് ഇരു രാജ്യങ്ങളും തമ്മില്‍ 'തുറന്ന യുദ്ധം' പ്രഖ്യാപിച്ചതോടെ ആശങ്ക ശക്തമായിരിക്കുകയാണ്.കഴിഞ്ഞ ഞായറാഴ്ചയാണ് അഫ്ഗാന്‍ അതിര്‍ത്തി മേഖലകളിലെ തെഹ്രീകെ താലിബാന്‍ പാകിസ്ഥാന്‍ ഭീകരകേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി പാകിസ്ഥാന്‍ വ്യോമാക്രമണം നടത്തിയത്. തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്ന് അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണകൂടം ആരോപിച്ചു. വ്യാഴാഴ്ച രാത്രി വൈകി പാകിസ്ഥാന്റെ അതിര്‍ത്തി പോസ്റ്റുകള്‍ക്ക് നേരെ വലിയ തോതിലുള്ള ആക്രമണം അഴിച്ചുവിട്ടു. ഡ്യൂറന്‍ഡ് ലൈനിലെ ആറ് പ്രവിശ്യകളിലായി നടന്ന ഈ പ്രത്യാക്രമണം ഏകദേശം നാല് മണിക്കൂറോളം നീണ്ടുനിന്നു. ആക്രമണത്തില്‍ 55 പാക് സൈനികരെ വധിച്ചതായും 19 അതിര്‍ത്തി പോസ്റ്റുകള്‍ തകര്‍ത്തതായും അഫ്ഗാന്‍ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. എന്നാല്‍ പാകിസ്ഥാന്‍ ഈ കണക്കുകള്‍ തള്ളിക്കളഞ്ഞു. തങ്ങളുടെ രണ്ട് സൈനികര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും തിരിച്ചടിയില്‍ നൂറിലധികം അഫ്ഗാന്‍ പോരാളികളെ വധിച്ചതായും പാകിസ്ഥാന്‍ വാര്‍ത്താവിനിമയ മന്ത്രാലയം വ്യക്തമാക്കി.ബ്രിട്ടീഷ് ഭരണകാലത്ത് നിശ്ചയിച്ച 2,611 കിലോമീറ്റര്‍ നീളമുള്ള ഡ്യൂറന്‍ഡ് ലൈന്‍ അതിര്‍ത്തിയായി അംഗീകരിക്കാന്‍ അഫ്ഗാനിസ്ഥാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ടി.ടി.പി ഭീകരര്‍ അഫ്ഗാന്‍ മണ്ണ് ഉപയോഗിച്ച് പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നുവെന്ന പാകിസ്ഥാന്റെ ആരോപണവും തര്‍ക്കം രൂക്ഷമാക്കുന്നു. നിലവില്‍ ഇരു രാജ്യങ്ങളും അതിര്‍ത്തിയില്‍ സൈനിക വിന്യാസം വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. കാബൂളിലെയും കാണ്ഡഹാറിലെയും വ്യോമാക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. അന്താരാഷ്ട്ര സമൂഹം ഇടപെട്ട് ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടെങ്കിലും അതിര്‍ത്തിയില്‍ സംഘര്‍ഷം ഇപ്പോഴും പുകയുകയാണ്.

