പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുന്നു; ഫെബ്രുവരി 28 മുതല്‍ പ്രവേശിക്കാം
തൃശൂർ സുവോളജിക്കല് പാര്ക്ക് ശനിയാഴ്ച പൊതുജനങ്ങള്ക്കു തുറന്നുകൊടുക്കുമെന്നു റവന്യൂ മന്ത്രി കെ. രാജന്.പുത്തൂര് സുവോളജിക്കല് പാര്ക്ക് അഡ്മിനിസ്ട്രേഷന് ബ്ലോക്കില് മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു മന്ത്രി.ശനിയാഴ്ച രാവിലെ എട്ടിന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ, റവന്യൂ മന്ത്രി കെ. രാജൻ, മറ്റു മന്ത്രിമാർ, ജനപ്രതിനിധികള് ഉള്പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും പാര്ക്കിലേക്കു പൊതുജനങ്ങളുടെ ആദ്യസന്ദര്ശനം.
പെറ്റിംഗ് സൂ 2026 മാര്ച്ചില് പണിതുടങ്ങി മൂന്നുമാസംകൊണ്ട് പൂര്ത്തീകരിക്കും. രാവിലെ ഒന്പത് മുതല് വൈകിട്ട് അഞ്ച് വരെയായിരിക്കും സുവോളജിക്കല് പാര്ക്കിലേക്കുള്ള പ്രവേശനം. മറ്റു മൃഗശാലകളിലെപ്പോലെ തന്നെ തിങ്കളാഴ്ചകളില് സുവോളജിക്കല് പാര്ക്കിനും അവധിയായിരിക്കും.
ഹൈപവര് കമ്മിറ്റി യോഗംചേര്ന്ന് പ്രവേശന ടിക്കറ്റ് നിരക്കുകള് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു. മുതിര്ന്നവര്ക്കു 100 രൂപയും അഞ്ചുമുതല് 12 വയസുവരെയുള്ള കുട്ടികള്ക്കു 30 രൂപയും മുതിര്ന്ന പൗരന്മാര്ക്കു 50 രൂപയുമാണ് നിരക്ക്.
ഭിന്നശേഷിയുള്ള വ്യക്തികള്ക്കു പ്രവേശനം സൗജന്യമായിരിക്കും. ഹെഡ്മാസ്റ്ററുടെയോ പ്രിന്സിപ്പലിന്റെയോ അനുമതിയോടെ സ്കൂള് യൂണിഫോമില് ഗ്രൂപ്പായി വരുന്ന വിദ്യാര്ഥികള്ക്ക് ഇളവുകളോടെയുള്ള പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
കിൻഡർ ഗാര്ഡന്, എല്കെജി, യുകെജി മുതല് നാലാം ക്ലാസ് വരെയുള്ള കുട്ടികള്ക്ക് പ്രവേശനം സൗജന്യമായിരിക്കും. ഇരുചക്രവാഹനങ്ങളുടെ പാര്ക്കിംഗിനായി 25 രൂപയും ഓട്ടോറിക്ഷകള്ക്ക് 30 രൂപയും കാര് അല്ലെങ്കില് ജീപ്പ് എന്നിവയ്ക്കു 100 രൂപയും 32 സീറ്റുകള്വരെയുള്ള വാന് അല്ലെങ്കില് ടെമ്പോ അല്ലെങ്കില് മിനി ബസ് എന്നിവയ്ക്ക് 175 രൂപയും ബസുകള്ക്ക് 250 രൂപയും പാര്ക്കിംഗ് ഫീസായി നല്കണം.സ്റ്റില് കാമറയ്ക്ക് 350 രൂപയും വീഡിയോ കാമറയ്ക്ക് 750 രൂപയും ക്ലോക്ക് റൂമിന് 25 രൂപയുമാണ് ടിക്കറ്റ് നിരക്കായി നിശ്ചയിച്ചിട്ടുള്ളത്. സുവോളജിക്കല് പാര്ക്ക് ചുറ്റിക്കാണുന്നതിനായി കെഎസ്‌ആര്ടിസിയുടെ രണ്ട് നോണ് എസി ഇലക്‌ട്രിക് ബസുകള് സജ്ജമായതായും മന്ത്രി പറഞ്ഞു.
ഈ ബസുകളില് മുതിര്ന്നവര്ക്ക് 50 രൂപയും അഞ്ചു മുതല് 12 വയസ് വരെയുള്ള കുട്ടികള്ക്ക് 25 രൂപയുമായിരിക്കും ടിക്കറ്റ് നിരക്കെന്നും മന്ത്രി അറിയിച്ചു. സുവോളജിക്കല് പാര്ക്കിന്റെ നടത്തിപ്പിനായി അഡ്വൈസറി കമ്മിറ്റിയും എക്സിക്യൂട്ടീവ് കമ്മിറ്റിയും ഗവേണിംഗ് ബോഡിയും ഉള്പ്പടെയുള്ള ഒരു സൊസൈറ്റി ആയിരിക്കും പ്രവര്ത്തിക്കുക.



