വരാനിരിക്കുന്നത് നീണ്ട അവധി, ചെറിയ പെരുന്നാളിന് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ ജീവനക്കാര്‍ക്ക് അവധി പ്രഖ്യാപിച്ച് യുഎഇ
യുഎഇയില്‍ ചെറിയ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. സർക്കാർ, സ്വകാര്യ മേഖലകളിലെ ഈദ് അല്‍ ഫിത്തർ അവധി ദിനങ്ങളാണ് ഫെഡറല്‍ അതോറിറ്റി ഫോർ ഗവണ്‍മെന്റ് ഹ്യൂമൻ റിസോഴ്‌സും മാനവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയവും പ്രഖ്യാപിച്ചത്.മാർച്ച് 19 വ്യാഴാഴ്ച മുതല്‍ അവധി ആരംഭിക്കും.സർക്കാർ മേഖലക്ക് മാർച്ച് 19 വ്യാഴാഴ്ച മുതല്‍ മാർച്ച് 22 ഞായറാഴ്ച വരെയാണ് അവധി. മാർച്ച് 23 തിങ്കളാഴ്ച പ്രവൃത്തിദിനം പുനരാരംഭിക്കും. സ്വകാര്യ മേഖലക്ക് മാർച്ച് 19 വ്യാഴാഴ്ച മുതല്‍ മാർച്ച് 21 ശനിയാഴ്ച വരെയാണ് പ്രാഥമികമായി പ്രഖ്യാപിച്ച അവധി. റമദാൻ മുപ്പത് പൂർത്തിയാകുകയാണെങ്കില്‍ സ്വകാര്യ മേഖലയിലെ അവധി മാർച്ച് 22 ഞായറാഴ്ച വരെ നീളുന്നതാണ്.9 ദിവസത്തെ അവധി!നാല് ദിവസത്തെ അവധി കൊണ്ട് തൃപ്തിപ്പെടാത്തവർക്ക് ഒരു ചെറിയ പ്ലാനിംഗിലൂടെ ഒൻപത് ദിവസത്തെ അവധി ആഘോഷിക്കാം. മാർച്ച് 16 തിങ്കള്‍ മുതല്‍ 19 വ്യാഴം വരെയുള്ള ദിവസങ്ങളില്‍ വാർഷിക അവധി എടുക്കുകയാണെങ്കില്‍, മാർച്ച് 14 ശനിയാഴ്ച മുതല്‍ മാർച്ച് 22 ഞായറാഴ്ച വരെയുള്ള വാരാന്ത്യങ്ങളും പെരുന്നാള്‍ അവധിയും ചേർത്ത് ആകെ 9 ദിവസത്തെ തുടർച്ചയായ അവധി ലഭിക്കും. റമദാൻ 29 ആയ മാർച്ച് 18-ന് യുഎഇയിലെ ചന്ദ്രദർശന സമിതി യോഗം ചേരും. അന്ന് മാസപ്പിറവി കാണുകയാണെങ്കില്‍ മാർച്ച് 19-ന് പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി കണ്ടില്ലെങ്കില്‍ റമദാൻ 30 പൂർത്തിയാക്കി മാർച്ച് 20-നായിരിക്കും ഈദ് അല്‍ ഫിത്തർ.

