ഇന്ന് ആനവണ്ടിക്ക് 88 ാo പിറന്നാള്‍
മലയാളികളുടെ പ്രിയപ്പെട്ട 'ആനവണ്ടി'യായ കെഎസ്‌ആർടിസി ഇന്ന് അതിന്റെ 88-ാം പിറന്നാള്‍ ആഘോഷിച്ചു. 1938 ഫെബ്രുവരി 20-ന് തിരുവിതാംകൂർ മഹാരാജാവ് ശ്രീ ചിത്തിര തിരുനാള്‍ തുടക്കം കുറിച്ച ആ ഐതിഹാസിക യാത്ര ഇന്നും കേരളത്തിന്റെ പൊതുഗതാഗത ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്.ഇന്ത്യയില്‍ തന്നെ ഒരു രാജാവ് ആദ്യമായി സ്ഥാപിച്ച സർക്കാർ ബസ് സർവീസ് എന്ന ഖ്യാതിയോടെയാണ് ഈ പ്രസ്ഥാനം വളർന്നത്. ലണ്ടനില്‍ നിന്നെത്തിയ ഇ.ജി. സാള്‍ട്ടർ ഡ്രൈവറായ ആദ്യ യാത്രയില്‍ മഹാരാജാവും കുടുംബവുമായിരുന്നു യാത്രക്കാരായത് എന്നത് കെഎസ്‌ആർടിസിയുടെ രാജകീയ തുടക്കത്തിന് തെളിവാണ്.
ഉദ്ഘാടന ദിനത്തില്‍ കവടിയാർ കൊട്ടാരത്തിന് മുന്നിലൂടെ 34 ബസ്സുകള്‍ അണിനിരന്ന ആ ഘോഷയാത്ര തിരുവിതാംകൂർ ചരിത്രത്തിലെ തന്നെ വിസ്മയകരമായ കാഴ്ചയായിരുന്നു. ലണ്ടൻ പാസഞ്ചർ ട്രാൻസ്‌പോർട്ട് ബോർഡിന്റെ മാതൃകയിലാണ് അന്ന് ട്രാവൻകൂർ സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് രൂപീകരിച്ചത്. കാലമെത്ര കഴിഞ്ഞാലും മലയാളിയുടെ യാത്രാ സംസ്കാരത്തിന്റെ അവിഭാജ്യ ഘടകമായി കെഎസ്‌ആർടിസി ഇന്നും തലയുയർത്തി നില്‍ക്കുന്നു.

