പെട്രോള്‍ പമ്പില്‍ പുകവലിക്കുന്നത് ചോദ്യം ചെയ്തു; ബൈക്കിന്റെ ടാങ്കില്‍ തീയിട്ട് യുവാവ്
പെട്രോള്‍ പമ്പില്‍ പുകവലിക്കുന്നത് വിലക്കിയതിന്റെ ദേഷ്യത്തില്‍ ലൈറ്റർ കത്തിച്ച് ഇന്ധനം നിറച്ചുകൊണ്ടിരുന്ന ബൈക്കിന്റെ ടാങ്കിലിട്ട് യുവാവ്.പെട്രോള്‍ പമ്പ് ജീവനക്കാരൻ സമയോചിതമായി ഇടപെട്ട് തീയണച്ചതിനാല്‍ വലിയൊരപകടം ഒഴിവായി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ബിർഗാവ് സ്വദേശി ധർമ്മേന്ദ്ര സിംഗ്, എഎച്ച്‌പി കോളനി സ്വദേശി ഇമ്രാൻ ഖുറേഷി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഛത്തീസ്ഗഢിലെ റായ്‌പൂരിലെ കർമ്മ ചൗക്കിലുള്ള സംഗീതാ ഫ്യുവല്‍സിലാണ് സംഭവമുണ്ടായത്.
ചൊവ്വാഴ്‌ച വൈകുന്നേരം ഏഴരയോടെ രണ്ട് യുവാക്കള്‍ ബൈക്കില്‍ പെട്രോള്‍ നിറയ്‌ക്കുന്നതിനായി ഇവിടേയ്‌ക്കെത്തി. ജീവനക്കാരൻ ടാങ്കില്‍ പെട്രോള്‍ നിറയ്‌ക്കുന്ന സമയം ബൈക്കിന്റെ പിന്നിലിരുന്ന ധർമ്മേന്ദ്ര താഴെയിറങ്ങി സിഗരറ്റ് കത്തിക്കാൻ തുടങ്ങി. ഇതുകണ്ട് ബൈക്കിലിരിക്കുകയായിരുന്ന ഇമ്രാൻ ധർമ്മേന്ദ്രയെ തള്ളിമാറ്റി. ഇതിന്റെ വൈരാഗ്യത്തില്‍ യുവാവ് ലൈറ്റർ കത്തിച്ച് ബൈക്കിന്റെ ഫ്യുവല്‍ ടാങ്കിലിട്ടു. ഉടൻ തന്നെ തീ ആളിപ്പടരുകയായിരുന്നു. ഇതോടെ യുവാക്കളും ജീവനക്കാരനും ഓടിരക്ഷപ്പെട്ടു. സമീപത്തുണ്ടായിരുന്ന മറ്റൊരു ജീവനക്കാരനെത്തി ഫ്വുവല്‍ ഹോസ് മാറ്റി പ്രധാന ഇന്ധനവിതരണം ഓഫ് ചെയ്‌തു. തുടർന്ന് ഫയർ എസ്‌റ്റിംഗ്യൂഷൻ ഉപയോഗിച്ച് തീയണച്ചു. ഇന്ധനം കത്തി യുവാക്കളുടെ ദേഹത്ത് വീഴുന്നതും പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളിലുണ്ട്.
അപകടത്തിനു പിന്നാലെ യുവാക്കള്‍ കടന്നുകളയാൻ ശ്രമിച്ചെങ്കിലും പമ്പ് ജീവനക്കാർ ഇവരെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. സ്ഥലത്തെത്തിയ പൊലീസ് ഇവരുടെ ബൈക്കും ലൈറ്ററും കസ്റ്റഡിയിലെടുത്തു. തീവയ്‌ക്കല്‍, പൊതുസുരക്ഷ അപകടത്തിലാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ടെന്ന് ഊർല പൊലീസ് വ്യക്തമാക്കി.



