ഇടുക്കി ഗവ മെഡിക്കൽ കോളേജിലും താക്കോൽദ്വാര ശസ്ത്രക്രിയ യാഥാർത്ഥ്യമായി
തിരുവനന്തപുരം: ഇടുക്കി ഗവ മെഡിക്കൽ കോളേജിലും താക്കോൽദ്വാര ശസ്ത്രക്രിയ യാഥാർത്ഥ്യമായി. 17 വയസുകാരനായ രോഗിയ്ക്ക് ലാപ്പറോസ്കോപിക് ഇൻ്റർവൽ അപ്പൻ്റിസെക്ടമി എന്ന ശസ്ത്രക്രിയ വിജയകരമായി പൂർത്തീകരിച്ചാണ് ഇടുക്കി മെഡിക്കൽ കോളേജ് താക്കോൽദ്വാര ശസ്ത്രക്രിയയ്ക്ക് തുടക്കമിട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനായിരുന്നു ശസ്ത്രക്രിയ നടന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം പൂർണ ആരോഗ്യവാനായ 17 കാരൻ ചികിത്സ പൂർത്തിയാക്കി വീട്ടിലെത്തി. തുടർന്ന് രണ്ടാമതൊരു രോഗിയ്ക്കു കൂടി താക്കോൽദ്വാര ശസ്ത്രക്രിയ നടത്തി.
ആരോഗ്യമന്ത്രി വീണാ ജോർജ് അനുവദിച്ച ഹയർ എൻ്റ് ഹൈ ഡെഫനിഷൻ ലാപ്പറോസ്കോപ്പിക് യൂണിറ്റ് കഴിഞ്ഞ വർഷമാണ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തത്. തുടർന്ന് അനുബന്ധ ഉപകരണങ്ങളും ലഭ്യമായി.
രണ്ടാമത്തെ ശസ്ത്രക്രിയ ഫെബ്രുവരി 11 - നാണ് നടന്നത്. 51 വയസുള്ള രോഗിയ്ക്കായിരുന്നു ശസ്ത്രക്രിയ. ഡയഗ്നോസ്റ്റിക് ലാപ്പറോസ്കോപി ആൻ്റ് അപ്പൻ്റെക്ടമി എന്ന ശസ്ത്രകിയയാണ് നടന്നത്. രോഗി സുഖം പ്രാപിച്ചു വരുന്നു. മറ്റൊരു രോഗിയ്ക്ക് താക്കോൽദ്വാര ഹെർണിയ ഓപ്പറേഷൻ അടുത്ത ആഴ്ച നടക്കും.
ജനറൽ സർജറി വിഭാഗം മേധാവി ഡോ സന്തോഷ് കുമാറിൻ്റെ നേതൃത്വത്തിൽ ഡോ രാജേന്ദ്രൻ, ഡോ മെറിഷ്, ഡോ ലിജോ, ഡോ സജിൻ, ഡോ ഹരികൃഷ്ണൻ, അനസ്‌ത്യേഷാ വിഭാഗത്തിലെ ഡോ സുനിൽ, ഡോ സുനിൽകുമാർ, ഡോ ടാനിയ, ഡോ അഖിൽ, ഡോ രാഹുൽ, നേഴ്സുമാരായ ബിനുമോൾ, ജാൻസി, സോണി, അരുൺ എന്നിവർ ശസ്ത്രക്രിയകളിൽ പങ്കാളികളായി.
ലോകോത്തര നിലവാരമുള്ള ഈ ഹയർ എൻഡ് ലാപ്പറോസ്കോപിക് യൂണിറ്റ് ഇടുക്കി മെഡിക്കൽ കോളേജിൻ്റെ ശസ്ത്രക്രിയ നിലവാരവും വിദ്യാർത്ഥികളുടെ പഠന നിലവാരവും ഉയർക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ കെ വി വിശ്വനാഥൻ, ഇടുക്കി മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ ടോമി, ആശുപത്രി സൂപ്രണ്ട് ഡോ സുരേഷ് വർഗീസ്, ജനറൽ സർജറി വിഭാഗം മുൻ മേധാവി ഡോ ആർ സി ശ്രീകുമാർ എന്നിവരുടെ ഇടപെടൽ പുതിയ ഹയർ എൻഡ് ലാപ്പറോസ്കോപിക് യൂണിറ്റ് എത്തിച്ച് ശസ്ത്രക്രിയകൾ എത്രയും വേഗം ആരംഭിക്കാൻ സഹായകമായി.
പുതിയ ആശുപത്രി ബ്ലോക്കിലെ ഓപ്പറേഷൻ തീയേറ്റർ കൂടി പ്രവർത്തനക്ഷമമാകുന്നതോടെ കൂടുതൽ സങ്കീർണമായ താക്കോൽദ്വാര ശസ്ത്രക്രിയകളും നടത്താനാവുമെന്ന് വകുപ്പു മേധാവി ഡോ സന്തോഷ് കുമാർ അറിയിച്ചു.



