പി.ഐ.ബി. മാധ്യമ ശില്പശാല കുമളിയിൽ നടന്നു.
കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള തിരുവനന്തപുരം പ്രസ് ഇൻഫർമേഷൻ ബ്യൂറോ സംഘടിപ്പിക്കുന്ന മാധ്യമ ശില്പശാല 'വാർത്താലാപ്' ഇടുക്കിയിലെ കുമളിയിൽ നടന്നു.പ്രാദേശിക മാധ്യമപ്രവർത്തകർക്കായി സംഘടിപ്പിച്ച ശില്പശാല കുമളി ഹോട്ടൽ ട്രീ ടോപ്പിൽ പി.ഐ.ബി അഡീഷണൽ ഡയറക്ടർ ജനറൽ വി. പളനിച്ചാമി ഉദ്ഘാടനം ചെയ്തു.
ഗ്രാമീണമേഖലയിലെ പ്രാദേശിക മാധ്യമപ്രവർത്തകർ ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി യഥാർത്ഥമാധ്യമധർമ്മം നിറവേറ്റുന്നവരാണെന്ന് പി.ഐ.ബി എ.ഡി.ജി വി.പളനിച്ചാമി പറഞ്ഞു.വാർത്തകളിലൂടെ ജനങ്ങൾക്ക് സത്യം മനസ്സിലാക്കികൊടുക്കാനും മാറിയ ചുറ്റുപാടുകൾക്കൊപ്പം നീങ്ങാനും മാധ്യമ പ്രവർത്തകർ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.തേക്കടി പ്രസ് ക്ലബ് പ്രസിഡന്റ് പി.കെ. ഹാരിസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.പ്രാദേശികമാധ്യമപ്രവർത്തകർക്കായി പി.ഐ.ബി സംഘടിപ്പിക്കുന്ന ഇത്തരം ശിൽപ്പശാലകൾ ഏറെ സഹായകരമാകു
മെന്നും ഗ്രാമീണമേഖലയിലെ മാധ്യമ പ്രവർത്തകർക്കായി ഇത്തരം ശിൽപ്പശാലകൾ ഇനിയും സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനസമ്മേളനത്തിൽ പ്രസ് ക്ലബ് സെക്രട്ടറി ജയ്സൺ എബ്രഹാം നന്ദി പറഞ്ഞു.ആധുനിക മാധ്യമപ്രവർത്തനത്തിലെ വെല്ലുവിളികളും സാങ്കേതിക വിദ്യകളും പരിചയപ്പെടുത്തുന്ന വിവിധ സെഷനുകൾ ശില്പശാലയുടെ ഭാഗമായി നടന്നു.
എ.ഐ പവേർഡ് ജേണലിസം: എന്ന വിഷയത്തിൽ കോട്ടയം ഐ.ഐ.ഐ.ടി അസോസിയേറ്റ് ഡീൻ ഡോ. എബിൻ ഡെനി രാജ് ക്ലാസ് നയിച്ചു.ഫാക്ട് ചെക്കിംഗ്: വ്യാജ വാർത്തകൾ തിരിച്ചറിയാനുള്ള സാങ്കേതിക വിദ്യകളെക്കുറിച്ച് ഹബീബ് റഹ്മാൻ സംസാരിച്ചു.
സഹകരണ മേഖല: ഗവൺമെന്റ് പദ്ധതികളെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്‌മെന്റ് ഡയറക്ടർ ഡോ. ജയമോഹനൻ നായർ വിശദീകരിച്ചു.പി.ഐ. ബി ഉദ്യോഗസ്ഥരെ തേക്കടി പ്രസ്സ് ക്ലബ് ചടങ്ങിൽ ആദരിച്ചു.കേന്ദ്രസർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ചു. തേക്കടി പ്രസ് ക്ലബുമായി സഹകരിച്ചാണ് പി.ഐ.ബി ശില്പശാല സംഘടിപ്പിച്ചത്.



