സ്കൂളില്‍ ആറ് വയസുകാരിയുടെ വിരലുകള്‍ അറ്റു; മുറിഞ്ഞ ഭാഗം അധ്യാപകര്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു
സർക്കാർ സ്കൂളിലെ വാതിലില്‍ കുടുങ്ങി ആറു വയസുകാരിയുടെ രണ്ട് വിരലുകള്‍ അറ്റു. കുട്ടിക്ക് അടിയന്തര വൈദ്യസഹായം നല്‍കാതെ സ്കൂള്‍ അധികൃതർ അറ്റു പോയ വിരലുകള്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചു.ബംഗുളൂരുവിലാണ് സംഭവം.
ഉച്ചഭക്ഷണത്തിന് വരിയില്‍ നില്‍ക്കുമ്പോഴാണ് കുട്ടിയുടെ വിരലുകള്‍ വാതിലിനിടയില്‍ കുടുങ്ങി അറ്റു പോയത്. അമിതമായി രക്തം വാർന്നുവെങ്കിലും അധ്യാപകർ കുട്ടിയെ ആശുപത്രിയില്‍ എത്തിക്കാൻ തയാറായില്ല.
സംഭവത്തെക്കുറിച്ച് വളരെ വൈകിയാണ് മാതാപിതാക്കളെ അറിയിച്ചത്. വിവരമറിഞ്ഞയുടൻ സ്കൂളില്‍ എത്തിയ കുട്ടിയുടെ മാതാപിതാക്കള്‍ അടുത്തുള്ള ജില്ല ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ വിരലുകള്‍ ചേർത്തുവയ്ക്കാമായിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു.
രക്തം കണ്ട് മറ്റ് കുട്ടികള്‍ പേടിക്കുന്നതിനാലാണ് വിരലുകള്‍ ചവറ്റുകുട്ടയില്‍ ഉപേക്ഷിച്ചതെന്നാണ് അധ്യാപകർ മാതാപിതാക്കളോട് പറഞ്ഞത്. അപകടത്തില്‍പ്പെട്ട കുട്ടിയുടെ കുടുംബത്തിന് സ്കൂള്‍ അധികൃതർ 2000 രൂപ നല്‍കിയിരുന്നു.
കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടർന്ന് സ്കൂളിലെ പ്രധാന അധ്യപകൻ നാഗേഷ്, അധ്യാപകരായ രേണുകമ്മ, വെങ്കിടേഷ്, ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ ഹനുമന്തപ്പ എന്നിവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.



