കെ.എസ്.ആര്‍.ടി.സി.ഡിപ്പോകളില്‍ ഇനി പുസ്തകവായനയും ; പുസ്തകക്കൂട് പദ്ധതി
: കെ.എസ്.ആർ.ടി.സി. ഡിപ്പോകളില്‍ ബസ് കാത്തിരിക്കുമ്പോള്‍ ഇനി പുസ്തകം വായിക്കാം . കണ്ടക്ടർമാരും ഡ്രൈവർമാരും മെക്കാനിക്കും നേതൃത്വം നല്‍കുന്ന 'പുസ്തകക്കൂട് ആറ് ഡിപ്പോകളില്‍ തുടങ്ങുന്നു.ബസ് കാത്തിരിക്കുമ്പോള്‍ പുസ്തകമെടുത്ത് വായിക്കാം. വായന കഴിഞ്ഞ് തിരികെ വെക്കാം. കാസർകോട്, കണ്ണൂർ, പയ്യന്നൂർ, ചേർത്തല, തൊടുപുഴ, പാറശ്ശാല ഡിപ്പോകളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതിക്ക് അനുമതി ലഭിച്ചു. മന്ത്രിക്കും എം.ഡി.ക്കും നിവേദനം നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ വായനത്തുടക്കം.
കേരളത്തിലുടനീളമുള്ള കെ.എസ്.ആർ.ടി.സി. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും കൂട്ടായ്മയാണ് വായനശാല. വായന യാത്രക്കാരിലേക്കുമെത്തിക്കുകയാണ് 'പുസ്തകക്കൂടി'ന്റെ ലക്ഷ്യമെന്ന് ഭാരവാഹികള്‍ പറഞ്ഞു.
കാസർകോട് ഡിപ്പോയിലാണ് വായശാല സാംസ്കാരിക കൂട്ടായ്മ എന്ന ആശയത്തിന്റെ തുടക്കം. ഓണ്‍ലൈനില്‍ മാത്രമുണ്ടായ കുട്ടായ്മയില്‍ ഇപ്പോള്‍ 281 അംഗങ്ങളുണ്ട്. പി.വി.രതീശനാണ് ചീഫ് അഡ്മിൻ. കെ.എസ്.ആർ.ടി.സി.യിലെ വായനക്കാരായ സ്ഥിരം യാത്രക്കാരും ഇതിന്റെ ഭാഗമാണ്. വായനയ്ക്കൊപ്പം കഥാചർച്ച, മാഗസിൻ ഇറക്കല്‍ ഉള്‍പ്പെടെ കൂട്ടായ്മ നടത്തുന്നുണ്ട്.
കൂട്ടായ്മയുടെ ജോ. സെക്രട്ടറിയായ പി.കെ.ഷൈനിയാണ് കണ്ണൂരിന്റെ നേതൃത്വം.കാഞ്ഞങ്ങാട് ഡിപ്പോയിലെ കെ.പ്രദീപ്കുമാറാണ് സെക്രട്ടറി.
തൃശ്ശൂർ ഡിപ്പോയിലെ ജീജ അനിരുദ്ധനാണ് പ്രസിഡന്റ്. കേരളത്തിലെ വിവിധ ഡിപ്പോകളിലെ ഡി.ഗൗതമൻ, കെ.എം.രാജേഷ്, കെ.ഗൗരി, മധു ബി.ഗോപൻ, എം.എസ്.ദേവു എന്നിവരാണ് മറ്റുള്ള ഭാരവാഹികള്‍.പുസ്തകക്കൂടിന്റെ സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച രാവിലെ 10.30-ന് കണ്ണൂർ കെ.എസ്.ആർ.ടി.സി. ഡിപ്പോയില്‍ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും.



