ലഹരിയില്‍ മുഴുകിയ യുവാക്കള്‍ക്കായി പുനരധിവാസ പദ്ധതി
ലഹരിവസ്തുക്കളുടെ ഉപയോഗത്തിലും വില്പനയിലും ഉള്‍പ്പെട്ടിരിക്കുന്ന യുവാക്കളുടെ പുനരധിവാസത്തിനായി പുതിയ പദ്ധതിയുമായി സർക്കാർ.പോലീസിന്റെയും കോടതിയുടെയും പരിഗണനയിലെത്തുന്ന ലഹരിക്കേസുകളിലെ യുവാക്കളെ പുനരധിവസിപ്പിച്ച് ആവശ്യമായ ചികിത്സകളും നല്‍കും. കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവരെ അതില്‍നിന്നു പിന്തിരിപ്പിക്കാൻ 'നേർവഴി' പദ്ധതി നിലവിലുണ്ട്. ഇതിന്റെ അനുബന്ധമായാണ് പുതിയ പദ്ധതി.
ലഹരിവിമുക്തി ചികിത്സ, മാനസികാരോഗ്യചികിത്സ, കൗണ്‍സലിങ്, നിയമസഹായം എന്നിവയ്‌ക്കൊപ്പം ആവശ്യമായവർക്ക് തൊഴില്‍ ലഭിക്കുന്നതിനുള്ള പരിശീലനവും സംസ്ഥാന സാമൂഹികനീതി വകുപ്പ് ലഭ്യമാക്കും. 18മുതല്‍ 25വരെ പ്രായമുള്ള യുവാക്കള്‍ക്കാണ് പ്രഥമ പരിഗണന. 25-നു മുകളില്‍ പ്രായമുള്ളവരെയും തീരദേശം, ഗോത്രവിഭാഗം എന്നിവിടങ്ങളില്‍നിന്നുള്ള യുവാക്കളെയും ആവശ്യമെങ്കില്‍ പദ്ധതിയുടെ ഗുണഭോക്താക്കളാക്കും.
ഓരോ ജില്ലയിലും 50 പേർക്കാണ് ചികിത്സയും ആവശ്യമായ മറ്റു സേവനങ്ങളും നല്‍കുക. പോലീസിന്റെയും ജയില്‍വകുപ്പിന്റെയും വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഗുണഭോക്താക്കളെ തീരുമാനിക്കുക. പോലീസ്, എക്‌സൈസ്, ജയില്‍വകുപ്പ്, വനിത-ശിശു വികസന വകുപ്പ്, ജില്ലാ ലീഗല്‍ സർവീസ് അതോറിറ്റി, വിദ്യാഭ്യാസ വകുപ്പ്, തദ്ദേശസ്ഥാപനങ്ങള്‍, സന്നദ്ധപ്രവർത്തകർ, ആരോഗ്യവകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.
നർക്കോട്ടിക്‌സ്, എക്‌സൈസ് എന്നിവിടങ്ങളില്‍നിന്ന് ഇതുവരെ നൂറോളം പേരുടെ പട്ടിക സാമൂഹികനീതി വകുപ്പിനു കൈമാറിക്കഴിഞ്ഞു.ഇവരുടെ വീടുകളിലെത്തി വിശദമായ വിവരശേഖരണം നടത്തിയശേഷം വിദഗ്ധരുടെ സേവനവും നല്‍കും. ആവശ്യമായവർക്ക് തുടർപഠനത്തിനുള്ള അവസരവും ഇതിലൂടെ കൊടുക്കാനാണ് സാമൂഹികനീതി വകുപ്പിന്റെ തീരുമാനം.



