സംസ്ഥാനത്ത് പോക്സോ കേസുകള്‍ ഉയരുന്നു; അഞ്ചുവര്‍ഷത്തിനിടെ 27.38% വര്‍ധന
കുട്ടികളുടെ സുരക്ഷയില്‍ ആശങ്കയുയർത്തി സംസ്ഥാനത്ത് പോക്സോ കേസുകള്‍ കൂടുന്നു. പോലീസിന്റെ കണക്കുപ്രകാരം അഞ്ചുവർഷത്തിനിടെയുണ്ടായ 27.38 ശതമാനമാണ് വർധന ഉണ്ടായിരിക്കുന്നത് 2021-ല്‍ 3516 കേസുണ്ടായിരുന്നത് 2025-ല്‍ 4753 ആയി.നിയമത്തെക്കുറിച്ച് സമൂഹത്തില്‍ അവബോധം കൂടിയതും വിദ്യാലയങ്ങളില്‍ നടക്കുന്ന കൗണ്‍സലിങ്ങിലും മറ്റും കുട്ടികള്‍ ലൈംഗികാതിക്രമംനേരിട്ട വിവരങ്ങള്‍ വെളിപ്പെടുത്താൻ തയ്യാറാകുന്നതും കേസുകള്‍ റിപ്പോർട്ട് ചെയ്യുന്നത് കൂടാൻ കാരണമാണ്.
ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കാൻ 2012-ലാണ് പ്രൊട്ടക്‌ഷൻ ഒാഫ് ചില്‍ഡ്രൻ ഫ്രം സെക്ഷ്വല്‍ ഒഫൻസസ്(പോക്സോ) നിയമം നടപ്പാക്കിയത്. ലൈംഗികാതിക്രമം, പീഡനം, കുട്ടികളെ ഉപയോഗിച്ചുള്ള അശ്ലീലചിത്രീകരണം തുടങ്ങിയവ ഗുരുതരകുറ്റങ്ങളാണ്. കുട്ടിക്കെതിരേ ലൈംഗികാതിക്രമം നടന്നെന്നറിഞ്ഞാല്‍ പോലീസിലോ ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിയിലോ ഉടൻ റിപ്പോർട്ട് ചെയ്യണം. മറച്ചുവെക്കുന്നതും കുറ്റമാണ്.
2025-ല്‍ കൂടുതല്‍ പോക്സോ കേസുകള്‍ രജിസ്റ്റർ ചെയ്തത് തിരുവനന്തപുരത്താണ്, 688. 502 കേസുകളുമായി കൊല്ലമാണ് തൊട്ടുപിന്നില്‍. മലപ്പുറത്ത് 464, കോഴിക്കോട്ട് 463. കുറവ് ഇടുക്കിയിലാണ്, 183. റെയില്‍വേ പോലീസ് അഞ്ച് കേസെടുത്തു.
പോക്സോ കേസുകള്‍
വർഷം- കേസുകള്‍
2021- 3516
2022- 4518
2023- 4641
2024- 4594
2025- 4753



