വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരായവരുടെ വായ്പാ കുടിശ്ശിക സര്‍ക്കാര്‍ ഏറ്റെടുത്ത് ഉത്തരവിറങ്ങി
വയനാട് ഉരുള്‍പൊട്ടല്‍ ദുരിതബാധിതരായ 555 പേരുടെ വായ്പാകുടിശ്ശികയായ 18.75 കോടി രൂപ ഏറ്റെടുക്കാൻ തീരുമാനിച്ച് സർക്കാർ ഉത്തരവ് പുറത്തിറക്കി.വയനാട് കലക്ടറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ഇതിന് ആവശ്യമായ 18,75,69,037.90 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ബാങ്കുകള്‍ക്ക് നല്‍കാൻ കലക്ടർക്ക് അനുമതി നല്‍കും. സർക്കാർ ആവശ്യപ്പെട്ടിട്ടും ഹൈകോടതി ഇടപെട്ടിട്ടും വായ്പ എഴുതിത്തള്ളാൻ കേന്ദ്രം തയാറാകാത്ത സാഹചര്യത്തിലും വായ്പ എഴുതിത്തള്ളാൻ സഹായകരമായ ദുരന്തനിവാരണ വകുപ്പിലെ സെക്ഷൻ 13ലെ വ്യവസ്ഥ കേന്ദ്ര സർക്കാർ റദ്ദാക്കിയതിനാലുമാണ് ഈ നടപടി.
കേരള ബാങ്ക് എഴുതിത്തള്ളിയതായി അറിയിച്ച 93.01 ലക്ഷം രൂപ അനുവദിക്കാൻ കലക്ടർ നടപടി സ്വീകരിക്കും. ഹൈകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2024 ജൂലൈ 30 മുതല്‍ ഇതുവരെ ഈ വായ്പകള്‍ക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചതിനാല്‍ വായ്പാബാധ്യതയില്‍ പലിശ ഉള്‍പ്പെടുത്തിയിട്ടില്ല. ദുരിതബാധിതരുടെ സിബില്‍ സ്കോറിനെ ബാധിക്കാത്ത രീതിയില്‍ വായ്പാകുടിശ്ശിക ഒറ്റത്തവണ തീർപ്പാക്കല്‍ വ്യവസ്ഥയില്‍ നടപ്പാക്കാൻ സംസ്ഥാനതല ബാങ്കേഴ്സ് സമിതിയുമായി ചേന്ന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.
വയനാട് കലക്ടർ സമർപ്പിച്ച പട്ടികയില്‍നിന്ന് വ്യത്യസ്തമായി ഏതെങ്കിലും വ്യക്തിയെ പുതുതായി ഉള്‍പ്പെടുത്തേണ്ടിവന്നാല്‍ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ദുരന്തനിവാരണം, ധനവകുപ്പ് സെക്രട്ടറിമാർ ഉള്‍പ്പെടുന്ന ഉന്നതതല സമിതിയെയും നിയോഗിച്ചു.



