ആളില്ല സമരത്തിന് ആഭാസനാടകം;എൽ ഡി എഫ്
ചൊവ്വാഴ്ച്ച ഇടുക്കി താലൂക്ക് ഓഫീസിലേക്ക് നടത്തിയ സമരത്തിലൂടെ നാണം കെട്ട് കോൺഗ്രസ് നേതൃത്വം അപഹാസ്യരായതായി എൽഡിഎഫ് ജില്ലാ കമ്മിറ്റി. കോൺഗ്രസ് നടത്തിയ സമരത്തിന്റെ മുൻ നിരയിൽ എത്താൻ ഡി സി സി പ്രസിഡൻ്റിന് അണികൾ വഴി നൽകാതെ വന്നതോടെ വലത് വശം ചേർന്ന് മുന്നോട്ട് നീങ്ങുമ്പോൾ സ്വന്തം മുണ്ടിൽ ചവിട്ടി വീഴുകയും പ്രാദേശിക നേതാക്കൾ പിടിച്ച് ഉയർത്തുകയുമാണ് ഉണ്ടായത് .ഇതിന് ശേഷം മുൻ നിരയിൽ എത്തിയ പ്രസിഡന്റ് സമരം തുടർന്ന് ഉദ്ഘാടനം ചെയ്തു .എന്നാൽ ഡി സി സി പ്രസിഡൻ്റിനെ പോലീസ് അതിക്രമിച്ച് വീഴ്ത്തി എന്ന് നുണ പ്രചാരണം നടത്തി ചെറുതോണിയിൽ മണിക്കൂറുകളോളം വാഹനങ്ങൾ തടഞ്ഞ് സമരം നടത്തുകയായിരുന്നു .
സമീപത്തുള്ള മെഡിക്കൽ കോളേജിലേക്ക് രോഗികളുമായി എത്തിയ വാഹനങ്ങളും ഫയർ ഫോഴ്സ് വാഹനവും പോലും കടത്തി വിടാതെ തടഞ്ഞിടുകയായിരുന്നു .ആശുപത്രിയിലേയ്ക്ക് എത്തിക്കാൻ വന്ന പിഞ്ച് കുഞ്ഞിന് രോഗം മൂർച്ഛിച്ചതിനെ തുടർന്ന് താന്നിക്കണ്ടം വഴി വാഹനം തിരിച്ച് വിട്ടാണ് ആശുപത്രിയിൽ എത്തിച്ചത് .
കോൺഗ്രസ്സ് ജില്ലാ തലത്തിൽ ഉള്ള സമരത്തിൽ ജന പങ്കാളിത്തം കുറവായതിനാൽ വളരെ ഏറെ വൈകിയും ക്ഷോപിതനുമായാണ് ഡി സി സി പ്രസിഡന്റ് സമരത്തിന് എത്തിയത് . ശബരിമലയുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പങ്കാളിത്തം ചർച്ച ആയതിനെ തുടർന്ന് സമരത്തിൽ നിന്ന് യഥാർത്ഥ പ്രവർത്തകർ വിട്ട് നിന്നതാണ് സമരത്തിന് ജനപങ്കാളിത്തം കുറഞ്ഞത് . താലൂക്ക് ഓഫീസിന് മുന്നിൽ നടന്ന സമരം പരാജയപ്പെട്ടതിനെ തുടർന്നാണ് സമരം ചെറുതോണിയിലേക്ക് മാറ്റുവാൻ നേതൃ നിരയിൽ തീരുമാനം ഉണ്ടായത് . നേതാവിന്റെ വീഴ്ചയെ തുടർന്ന് കോൺഗ്രസ്സ് നേതാക്കൾ സമരം നിയന്ത്രിക്കാൻ വന്ന വിരലിൽ എണ്ണാവുന്ന പോലീസുകാർക്ക് നേരെ ആക്രോശിക്കുന്നതും വീഡിയോകളിൽ വ്യക്തമാണ്ന്നും എൽ ഡി എഫ് നേതാകളായ കെ സലിംകുമാർ, സി വി വർഗീസ് ,ജോസ് പാലത്തിനാൽ എന്നിവർ പറഞ്ഞു.



