സംരക്ഷണ ഭിത്തിയും സ്‌കൂള്‍ ശൗചാലയങ്ങളുടെ നവീകരണവും;വാഴത്തോപ്പ് ഗവ. എല്‍.പി. സ്‌കൂളിന് 21.60 ലക്ഷം അനുവദിച്ചു: മന്ത്രി റോഷി
ഇടുക്കി: വാഴത്തോപ്പ് ഗവണ്‍മെന്റ് എല്‍.പി. സ്‌കൂളിന്റെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 21.60 ലക്ഷം രൂപയുടെ ഭരണാനുമതി ലഭ്യമായതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. സ്‌കൂളിന്റെ സുരക്ഷയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിനുള്ള വിവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്.
ലഭ്യമായ തുക ഉപയോഗിച്ച് പ്രധാനമായും സ്‌കൂള്‍ അങ്കണത്തില്‍ സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം, ഭിന്നശേഷി സൗഹൃദമായ രീതിയിലുള്ള റാംപിന്റെ നിര്‍മ്മാണം, സ്‌കൂളിലെ ശൗചാലയങ്ങളുടെ നവീകരണം എന്നിവയാണ് നടപ്പിലാക്കുക. 2025-26 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതത്തില്‍ നിന്നാണ് തുക അനുവദിച്ചിരിക്കുന്നത്.
സ്കൂൾ പി.ടി.എ കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയും ഇത് മന്ത്രിയുടെ ശ്രദ്ധയിൽ പ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ ഇടപെടലിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിട്ടുള്ളത്. പൊതുമരാമത്ത് വകുപ്പിനായിരിക്കും നിര്‍മ്മാണ ചുമതല. സ്‌കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള ഈ പദ്ധതികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.



