മരിയാപുരം - വാഴത്തോപ്പ് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് വെള്ളക്കയം വി.സി.ബി കം ബ്രിഡ്ജ് യാഥാർഥ്യത്തിലേക്ക്. നിർമിച്ചത് സൂക്ഷമ ജലസേചനത്തിന് സഹായകമായ രണ്ട് വി.സി.ബികൾ
ചെറുതോണി : മരിയാപുരം വാഴത്തോപ്പ് ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിച്ച് വെള്ളക്കയം ഭാഗത്ത് പെരിയാറിന് കുറുകെ നിർമ്മിക്കുന്ന വി.സി.ബി കം ബ്രിഡ്ജ് അടുത്ത മാസം തുറന്ന് കൊടുക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. സൂക്ഷമ ജലസേചനത്തിന് ആവശ്യമായ രണ്ട് വി.സി.ബികൾ ഇതിന്റെ ഭാഗമായി നിർമ്മിച്ചിട്ടുണ്ട്. ഫോർ വീലറുകൾ ഉൾപ്പെടെയുള്ള ചെറിയ വാഹനങ്ങൾ കടന്നു പോകുന്ന രീതിയിലാണ് വി സി ബി നിർമ്മിച്ചിട്ടുള്ളത് .
പ്രളയത്തെ തുടർന്ന് ഡാമുകളിൽ നിന്നും വലിയ രീതിയിൽ ജലം പുറത്തേയ്ക്ക് വിടേണ്ട വന്നതോടെ വെള്ളക്കയം ഭാഗത്ത് പെരിയാറിന് കുറുകെ ഉണ്ടായിരുന്ന കലുങ്കുകൾ പൂർണമായും തകർന്നിരുന്നു. ഇതോടെ പ്രദേശ വാസികൾക്ക് പ്രധാന റോഡിലേക്കും ചെറുതോണി ഉൾപ്പെടെയുള്ള പ്രദേശങ്ങളിലേക്കും എത്തി ചേരുന്നതിന് കിലോമീറ്ററുകൾ സഞ്ചരിക്കേണ്ട സാഹചര്യമായിരുന്നു. ഇതിനെ തുടർന്ന് വാർഡ് മെമ്പറും വിവിധ മത രാഷ്ട്രീയ സംഘടനകളും മന്ത്രിയെ കണ്ട് നിവേദനം നൽകിയതിന്റെ പശ്ചാത്തലത്തിൽ ആണ് പുതിയ പാലം നിർമിച്ചത്.
ചെറുതോണി നേര്യമംഗലം റോഡിനോട് ചേർന്നുള്ള ഭാഗമായതിനാൽ പുതിയ വി സി ബി കം ബ്രിഡ്ജ് നിർമ്മാണത്തിലൂടെ ടൂറിസം സാദ്ധ്യതകൾ കൂടി വിനിയോഗിക്കത്തക്ക രീതിയിലാണ് രൂപകല്പന ചെയ്തിരിക്കുന്നത് . നിർമ്മാണത്തിന്റെ രണ്ടാം ഘട്ടമായി സമീപ പ്രദേശങ്ങളിൽ ഉള്ള കുരുമുളക് ,കൊക്കോ ,ഏലം ,ജാതി തുടങ്ങിയ കൃഷികൾക്കും സൂക്ഷ്മ ജലസേചനം നടത്തുവാൻ കഴിയും.



