ഏലപ്പാറ-വാഗമൺ റോഡിൽ കാട്ടുപോത്തിറങ്ങി; യാത്രക്കാർ ഭീതിയിൽ
ഏലപ്പാറ - വാഗമൺ റോഡിൽ ബോണാമിക്ക് സമീപം കാട്ടുപോത്തിറങ്ങി. രാത്രി എട്ട് മണിയോടെയാണ് കാട്ടുപോത്തുകൾ റോഡിലേക്ക് എത്തിയത്. ഈ സമയം ഇതുവഴി എത്തിയ വാഹനങ്ങൾക്ക് നേരെ കാട്ടുപോത്തുകൾ ആക്രമണത്തിന് മുതിർന്നതായി യാത്രക്കാർ പറഞ്ഞു. ഏറെ നേരം റോഡിൽ നിലയുറപ്പിച്ച പോത്തുകൾ വാഹനങ്ങൾ ഹോൺ മുഴക്കിയിട്ടും മാറാൻ തയ്യാറായില്ല. പിന്നീട് ഇരുവശത്ത് നിന്നും എത്തിയ വാഹനങ്ങളിൽ ഉള്ളവർ ദീർഘനേരം ലൈറ്റുകൾ തെളിച്ചും ഹോൺ മുഴക്കിയും നടത്തിയ പരിശ്രമത്തിനൊടുവിലാണ് ഇവ റോഡരികിലെ തേയില തേട്ടത്തിലേക്ക് പിന്തിരിഞ്ഞത്.
മുള്ളുവേലി മറികടന്ന് ഇവ തോട്ടത്തിലേക്ക് മറയുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.കഴിഞ്ഞ രണ്ട് ദിവസമായി ബോണാമി, കാവകുളം പരിസരങ്ങളിൽ കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ കടന്നുപോകുന്ന പ്രധാന പാതയായതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് നിർദ്ദേശം നൽകി.



