ആലപ്പുഴ പുന്നമട കായലിൽ നെഹ്റു ട്രോഫി വള്ളംകളി കാണാനെത്തിയ ഇടുക്കി സ്വദേശിയായ യുവാവ് മുങ്ങി മരിച്ചു
നെഹ്രുട്രോഫി വള്ളംകളിയുടെ ആവേശത്തിൽ കായലിൽ നീന്താൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ഇടുക്കി പീരുമേട് പള്ളിക്കുന്നു പോത്തുപാറ നീരോഴുക്കൽ വീട്ടിൽ ശശിയുടെ മകൻ എസ്. രഞ്ജിത് (24) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 3. 40 ഓടെ പുന്നമട ഫിനിഷിംഗ് പോയിന്റിന് വടക്ക് എച്ച്.എം.സി കുരിശടിക്ക് സമീപം കായലിൽ നീന്തുന്നതിനിടെ രഞ്ജിത്തിനെ കാണാതാവുകയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന തകഴി ഫയർഫോഴ്സ് യൂണിറ്റിലെ സ്‌കൂബാ ടീം അംഗങ്ങളായ ആർ. മധു, യു. സുമേഷ്,എന്നിവർ വെള്ളത്തിൽ ഇറങ്ങി നടത്തിയ തിരച്ചിലിൽ രഞ്ജിത്തിനെ കണ്ടെത്തി. പ്രാഥമിക ചികിത്സ നൽകി ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുമളിയിലെ യോദ്ധ എന്ന മാർഷ്യൽ ആർട്സ് സ്ഥാപനത്തിലെ കലാകാരനായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് വീട്ടുവളപ്പിൽ.