അടിമാലി - നത്തുകല്ല്, ചേലച്ചുവട് -വണ്ണപ്പുറം റോഡ് നവീകരണം, ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി, കരാര്‍ ഒപ്പു വയ്ക്കാന്‍ അനുമതി, ഉടന്‍ പണി ആരംഭിക്കുമെന്ന് മന്ത്രി റോഷി
ഇടുക്കി നിയോജക മണ്ഡലത്തിലെ അടിമാലി - നത്തുകല്ല്, ചേലച്ചുവട് -വണ്ണപ്പുറം റോഡുകള്‍ ബിഎം ആന്‍ഡ് ബിസി നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായി ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. ചൊവ്വാഴ്ച ചേര്‍ന്ന ടെന്‍ഡര്‍ അപ്രൂവല്‍ കമ്മിറ്റി യോഗം ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ തെരുവത്ത് ബില്‍ഡേഴ്‌സുമായി കരാര്‍ ഒപ്പു വയ്ക്കാന്‍ അനുമതി നല്‍കി.
നത്തുകല്ല് - അടിമാലി റോഡ് പുനര്‍ നിര്‍മാണത്തിനായി 45.57 കോടി രൂപയ്ക്ക് കരാര്‍ നല്‍കാനാണ് തീരുമാനം. ക്വോട്ട് ചെയ്തിരുന്നതിനേക്കാല്‍ 1.28 ശതമാനം കുറഞ്ഞ നിരക്കിലാണ് കരാര്‍ നല്‍കുക. ഉടന്‍ തന്നെ കരാര്‍ ഒപ്പിട്ട് പ്രവര്‍ത്തികള്‍ ആരംഭിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 43.14 കോടി രൂപയ്ക്കാണ് ചേലച്ചുവട് - വണ്ണപ്പുറം റോഡിന്റെ പുനര്‍ നിര്‍മാണത്തിന് കരാര്‍ നല്‍കുക. രേഖപ്പെടുത്തിയിരുന്നതിനേക്കാള്‍ 1.18 നിരക്ക് ശതമാനം താഴത്തിയാകും കരാറില്‍ ഏര്‍പ്പെടുക.
ആറു കമ്പനികള്‍ പേര്‍ പങ്കെടുത്ത ടെന്‍ഡര്‍ നടപടികളില്‍ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ കമ്പനിക്കാണ് കരാര്‍ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ മാസം 18നാണ് ടെന്‍ഡര്‍ ഓപ്പണ്‍ ചെയ്തത്. അതിനു ശേഷമാണ് ക്വോട്ട് ചെയ്ത നിരക്ക് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച നടത്തിയതും തീരുമാനത്തിലായത്.
26.25 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് അടിമാലി- നത്തുകല്ല് റോഡ് പുനര്‍ നിര്‍മിക്കുന്നത്. 6 സ്‌ട്രെച്ചുകളിലായാണ് പണി പൂര്‍ത്തീകരിക്കുക. നത്തുകല്ല് - ഇരട്ടയാര്‍ പാലം ആണ് ആദ്യ സ്‌ട്രെച്ച്. അവിടെ നിന്ന് ഇരട്ടയാര്‍ നോര്‍ത്ത് വരെ രണ്ടാം സ്‌ട്രെച്ചും തുടര്‍ന്ന് മേലേ ചിന്നാര്‍ വരെ മൂന്നാം സ്‌ട്രെച്ചുമാണ്. മേലെ ചിന്നാറില്‍ നിന്ന് പണിക്കന്‍കുടി വരെയും അവിടെ നിന്ന് കമ്പളികണ്ടം വരെയുമാണ് മറ്റു സ്‌ട്രെച്ചുകള്‍.
27 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ചേലച്ചുവട് - വണ്ണപ്പുറം റോഡ് നവീകരിക്കുക. ഇതിന്റെ ഭാഗമായി 8 കലുങ്കുകളും നിര്‍മിക്കും. റോഡുകളില്‍ 6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ക്രാഷ് ബാരിയറുകളും 3 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഐറിഷ് ഓടയും നിര്‍മിക്കുന്നതാണ് പദ്ധതി. കഴിഞ്ഞ മാസം 8 വരെയായിരുന്നു ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അവസരം ഉണ്ടായിരുന്നത്.
തുടര്‍ന്ന് തിരുവനന്തപുരത്തുള്ള കെആര്‍എഫ്ബി പ്രോജക്ട് ഓഫീസില്‍ വച്ച് ടെക്നിക്കല്‍ ബിഡ് പരിശോധിച്ചു. അതിനു ശേഷം ഫിനാന്‍സ് ബിഡ് ഓപ്പണ്‍ ചെയ്തു. പരിശോധനയില്‍ യോഗ്യരായവരില്‍ നിന്ന് സര്‍ക്കാരിന്റെ ടെന്‍ഡര്‍ അപ്രൂവല്‍ കമ്മിറ്റിയാണ് കരാറുകാരെ തിരഞ്ഞെടുത്തത്. ഇരു റോഡുകളും ഉന്നത നിലവാരത്തില്‍ പുനര്‍ നിര്‍മിക്കുന്നതിനായി 107.07 കോടി രൂപയാണ് കിഫ്ബി മുഖേന അനുവദിച്ചത്.
മണ്ഡലത്തിലെ പ്രധാന റോഡ് പദ്ധതികളായ ചേലച്ചുവട് - വണ്ണപ്പുറംറോഡിന് 52.01 കോടിയും, നത്തുകല്ല് അടിമാലി റോഡിന് 55.06 കോടിരൂപയുടെയും ധനാനുമതി നല്‍കിയിട്ടുള്ളത്. കിഫ്ബിയുടെ കീഴിലുള്ള കേരള റോഡ് ഫണ്ട് ബോര്‍ഡ് (കെആര്‍എഫ്ബി) മുഖേനയാണ് നിര്‍മാണം നടത്തുന്നത്.

