കരിങ്കുന്നത്ത് നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ടുപേർ പോലീസിന്റെ പിടിയിൽ
നിരോധിത പുകയില ഉത്പ്പന്നങ്ങളുമായി രണ്ട് പേർ കരിങ്കുന്നം പോലീസിൻ്റെ പിടിയിൽ. കരിങ്കുന്നം കഴിമറ്റം ഭാഗത്തുള്ള പെട്ടിക്കടയുടെ തട്ടിനടിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 105 പാക്കറ്റ് ഹാൻസുമായി അസം സ്വദേശിയായ റിയാജുൽ ഹഖ് (19), കരിങ്കുന്നം നെല്ലാപ്പാറ ഭാഗത്ത് പെട്ടിക്കടയുടെ തട്ടിനടിയിൽ വിൽപ്പനക്കായി സൂക്ഷിച്ചിരുന്ന 15 പാക്കറ്റ് ഹാൻസുമായി ഉത്തർപ്രദേശ് സ്വദേശിയായ അവദേശ് സരോജ് (43) എന്നിവരാണ് പിടിയിലായത്.
സംസ്ഥാനത്ത് ലഹരിമരുന്ന് ഉപയോഗവും വ്യാപനവും തടയുന്നതിനായി കേരള പോലീസ് നടപ്പിലാക്കുന്ന ഓപ്പറേഷൻ തൂഫാൻ ദ നാർക്കോ ഹണ്ട് പദ്ധതിയുടെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.
കരിങ്കുന്നം പോലീസ് ഇൻസ്പെക്ടർ മഹേഷ്‌പിള്ളയുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർമാരായ രാജേഷ് പി ജി, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മധു, സീനിയർ സിവിൽ പോലീസ് ഓഫീസർ അബി, സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് സത്താർ, അൻവർ ഷാ വി.കെ എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇടുക്കി ജില്ലയിൽ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പെട്ടാല്‍ ഇടുക്കി ജില്ലാ തൂഫാൻ കൺട്രോൾ റൂം നമ്പരായ 9497932508ൽ അറിയിക്കണമെന്നും പോലീസ് അറിയിച്ചു. ഇത്തരത്തില്‍ സന്ദേശം അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കും.



