ഷോപ്പ് സൈറ്റുകൾക്ക് പട്ടയം;മന്ത്രിസഭാ യോഗ തീരുമാനം ആശയക്കുഴപ്പം പരിഹരിക്കുന്നതിന്: മന്ത്രി റോഷി അഗസ്റ്റിന്‍ സുപ്രീം കോടതിയിലുള്ള സിഎച്ച്ആര്‍ കേസുമായി കൂട്ടിക്കുഴയ്‌ക്കേണ്ടിതല്ലെന്നും മന്ത്രി
ബുധനാഴ്ചത്തെ കാബിനറ്റ് തീരുമാനം സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി ബന്ധിപ്പിക്കേണ്ട കാര്യമില്ലെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. 1993 ലെ ചട്ടത്തിന്റെ പരിധിയില്‍ വരുന്ന സ്ഥലങ്ങള്‍ക്ക് പട്ടയം നല്‍കുന്നതില്‍ നിലനിന്നിരുന്ന അവ്യക്തത പരിഹരിക്കുകയായിരുന്നു മന്ത്രിസഭാ യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ ലക്ഷ്യം.
2009 ല്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍ ഉത്തരവ് പ്രകാരം 1993 ലെ ചട്ടത്തില്‍ വ്യവസ്ഥ ചെയ്തിരുന്ന 'ഷോപ്‌സ്' എന്നത് 2009 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ' 'ചെറിയ കടകള്‍'' എന്ന് വ്യാഖ്യാനിക്കപ്പെടുകയും ' 'ചെറിയ കടകള്‍'' എന്നത് 1500 ചതുരശ്ര അടിയില്‍ താഴെയുള്ളവയാണെന്ന് അനുമാനിക്കുകയും ചെയ്തു.
1993 ലെ ചട്ടപ്രകാരം പട്ടയം നല്‍കുന്നതിനുള്ള വനം, റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധനയില്‍പ്പെട്ട വസ്തുക്കളിൽ കടകള്‍ ഉണ്ടായിരുന്നതിനാല്‍ കടയുടെ വിസ്തീര്‍ണം നോക്കി മാത്രം പട്ടയം നല്‍കാന്‍ സാധിക്കൂ എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു. ഇതോടെ പട്ടയം നല്‍കാന്‍ സാധിക്കാത്ത അവസ്ഥ വരികയും ചെയ്തു.
ഈ പ്രതിസന്ധി മറികടക്കാനായി പട്ടയം ഇല്ലാത്ത വസ്തുവില്‍ ചട്ടപ്രകാരം പട്ടയം നല്‍കാന്‍ കഴിയുന്ന തരം വസ്തു ആണെങ്കില്‍ കടയുടെ വലിപ്പം നോക്കാതെ പട്ടയം നല്‍കാം എന്നാണ് മന്ത്രിസഭ തീരുമാനമെടുത്തത്. അല്ലാതെ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന സിഎച്ച്ആര്‍ കേസുമായി ബന്ധപ്പെട്ടതോ സിഎച്ച്ആര്‍ ഭൂമിയിലോ പട്ടയം നല്‍കുന്നതിനല്ല. 1993 ലെ ചട്ടത്തിലെ രണ്ടാം വകുപ്പ് (എഫ്) ഉപവകുപ്പില്‍ പറഞ്ഞിരിക്കുന്ന തരത്തിലുള്ള വസ്തുവില്‍ മാത്രമാണ് ഇത്തരം പട്ടയം നല്‍കുവാന്‍ സാധിക്കുന്നത്.
1993 ലെ ചട്ടത്തിന്റെ സാധുത 1999 ലെ വിധി വഴി കേരള ഹൈക്കോടതിയും 2009 ലെ വിധി വഴി സുപ്രീം കോടതിയും ശരിവച്ചിട്ടുള്ളതിനാല്‍ അക്കാര്യത്തില്‍ അവ്യക്തതയുടെ ആവശ്യം ഇല്ല. ഇപ്പോഴുണ്ടായ മന്ത്രിസഭാ തീരുമാനത്തെ സുപ്രീം കോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി കൂട്ടിക്കുഴച്ച് ആശങ്ക പടര്‍ത്തേണ്ട ആവശ്യം ഇല്ലെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

