അകാലത്തിൽ വേർപ്പെട്ട സഹപാഠിയുടെ കുടുംബത്തിന് സഹായഹസ്തവുമായി വാഴവരയിലെ പൂർവ്വ വിദ്യാർത്ഥികളുടെ ഓർമ്മക്കൂട്ട്
അകാലത്തിൽ മരണം മൂലം വേർപിരിഞ്ഞു പോയ പ്രിയ കൂട്ടുകാരൻ ഷാജിമോൻ സെബാസ്റ്റ്യൻ്റെ കുടുംബത്തിന് സഹായ ഹസ്തവുമായി സഹപാഠികളുടെ കൂട്ടായ്മ. കട്ടപ്പന വാഴവര സെന്റ് മേരീസ് ഹൈസ്കൂളിലെ 1989-90 SSLC ബാച്ചിലെ വിദ്യാർത്ഥികളുടെ കൂട്ടായ്മയായ ഓർമ്മക്കൂട്ട് 90, നടത്തുന്ന കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സഹപാഠിയുടെ കുടുംബം നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണ പ്രവർത്തനത്തിന് ധനസഹായം നൽകി.
29 വർഷങ്ങൾക്കു മുമ്പ് മരണം മൂലം വേർപിരിഞ്ഞു പോയ ഷാജി മോൻ്റെ ഓർമ്മയ്ക്കായാണ് നിർമ്മാണ പ്രവർത്തനങ്ങളിൽ ഓർമ്മക്കൂട്ട് 90 യും പങ്കാളികളായത്. നെല്ലിപ്പാറ സെന്റ് സേവിയേഴ്സ് കത്തോലിക്കാ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചിരിക്കുന്ന പ്രിയ കൂട്ടുകാരന്റെ കല്ലറയിൽ പ്രാർത്ഥനക്ക് ശേഷം നടന്ന ചടങ്ങിൽ വച്ച് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ധനസഹായം അമ്മയ്ക്ക് കൈമാറി.
കൂട്ടായ്മ കോർഡിനേറ്റർമാരായ റൂബി ചോങ്കരയിൽ, സണ്ണി മാനോലി, ജോജോ കുന്നേൽ, ബിജു സി ആർ, ലൗലി ജോർജ്, വിൻസന്റ് പ്ലാത്തോട്ടം , സജി തറപ്പുതൊട്ടിയിൽ തുടങ്ങിയവർ സംസാരിച്ചു. ഇത്തരം സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളും, സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെ സഹായിക്കുന്ന പദ്ധതികളുമായി ഓർമ്മക്കൂട്ട് 90 മുന്നോട്ടുപോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.ചടങ്ങിന് ശേഷം സ്നേഹവിരുന്നും നടത്തി. കൂട്ടായ്മ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.

