കൊലുമ്പന്‍, ശിവലിംഗ, പളയന്‍കുടി ഉന്നതികള്‍ക്കായി ഒരു കോടി വീതം അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍
ചെറുതോണി: വാഴത്തോപ്പ് പഞ്ചായത്തിലെ പാറേമാവിന് സമീപമുള്ള കൊലുമ്പന്‍ ഉന്നതി, കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ശിവലിംഗ, പളയന്‍കുടി ഉന്നതികളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി അംബേദ്കര്‍ ഗ്രാമവികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു കോടി രൂപ വീതം അനുവദിച്ചതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പ് മുഖേനയാണ് പദ്ധതികള്‍ക്ക് തുക അനുവദിച്ചിട്ടുള്ളത്.
ഉന്നതികളിലെ റോഡുകളുടെ നിര്‍മാണം, കുടിവെള്ള ലഭ്യത, നടപ്പാത നിര്‍മാണം, പൊതുകളിസ്ഥലങ്ങളുടെ നിര്‍മാണം, കാലപ്പഴക്കം ചെന്ന വീടുകളുടെ നവീകരണം തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതികളുടെ നടത്തിപ്പിനായി വാര്‍ഡ് മെമ്പര്‍, നിര്‍വഹണ ഏജന്‍സി, ഉന്നതിയില്‍ നിന്നുള്ള 5 പ്രതിനിധികള്‍ എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിക്ക് രൂപം കൊടുക്കും. ഉന്നതിയില്‍ നിന്നു നിര്‍ദേശിക്കുന്ന പ്രവര്‍ത്തികള്‍ യോഗം ചേര്‍ന്ന് അംഗീകാരത്തിനായി നല്‍കും.
ഉന്നതികളിലെ പ്രവര്‍ത്തികള്‍ നടപ്പിലാക്കുന്നതിലൂടെ അടിസ്ഥാന സൗകര്യങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന ഇത്തരം മേഖലകളെ മുഖ്യധാരയില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. വാഴത്തോപ്പ് പഞ്ചായത്തില്‍ തന്നെ ഗാന്ധിനഗര്‍, 56 കോളനി എന്നിവയും കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ കടമാക്കുഴി, കൗന്തി ഉന്നതികളുടെയും നവീകരണം ഇതിനോടകം നടപ്പിലാക്കിയിട്ടുണ്ട്. നിയോജക മണ്ഡലത്തില്‍ 9 ഉന്നതികളുടെ അടിസ്ഥാന സൗകര്യ വികസനം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിപുലീകരിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.



