കെ എസ് ഇ ബി രാജകുമാരി സബ് സ്റ്റേഷൻ പദ്ധതിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മറ്റി
ഏറെ കൊട്ടിഘോഷിച്ചു തറക്കല്ലിടീൽ കർമ്മം നിർവഹിച്ച രാജകുമാരിയിലെ കെഎസ്ഇബി ഓഫീസിൻ്റെ നിർമ്മാണം ഇതുവരെ ആരംഭിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജകുമാരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തറക്കല്ലിൽ റീത്ത് വെച്ചു. രാജകുമാരി ദൈവമാത പള്ളിക്ക് സമീപം രാജകുമാരി പഞ്ചായത്ത് വിട്ടു നൽകിയ 10 സെൻറ് സ്ഥലത്ത് 2021 ഫെബ്രുവരിയിൽ ആണ് അന്നത്തെ വൈദ്യുത മന്ത്രി എം.എം. മണി പുതിയ കെഎസ്ഇബി സെക്ഷൻ ഓഫീസിന് തറക്കല്ലിട്ടത്.
വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കെഎസ്ഇബി ഓഫീസ് സ്വന്തം കെട്ടിടത്തിലേക്ക് മാറ്റുവാൻ കഴിയുമെന്ന് പ്രതീക്ഷയായിരുന്നു അധികൃതർക്ക്. ഭൂമി വിട്ടു നൽകുന്നതിന് ഉൾപ്പെടെയുള്ള നടപടികൾ പഞ്ചായത്ത് സ്വീകരിക്കുകയും ചെയ്തു. എന്നാൽ പഞ്ചായത്തിൻ്റെ ഭൂമി മറ്റൊരു വകുപ്പിന് വിട്ടു നൽകുന്നതിൽ നിയമ തടസ്സം ഉണ്ടെന്നാണ് ഇപ്പോൾ അധികൃതർ പറയുന്നത്.
ഇതോടെ കെഎസ്ഇബി ഓഫീസ് നിർമ്മാണം പ്രതിസന്ധിയിലായി. പഞ്ചായത്തും, വൈദ്യുത വകുപ്പും നാട്ടുകാരെ പറഞ്ഞു പറ്റിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മന്ത്രി എം.എം.മണി സ്ഥാപിച്ച തറക്കല്ലിൽ റീത്ത് വച്ച് പ്രതിഷേധിച്ചത്. മണ്ഡലം പ്രസിഡൻറ് റോയി ചാത്തനാട്ട്, ബോസ് പുത്തയത്ത്, ജോസ് കണ്ടത്തിൻകര, സുനിൽ വാരിക്കാട്ട്, ജിഷ ജോർജ്, അമൽ ബേബി തുടങ്ങിയവർ നേതൃത്വം നൽകി.



