ഇടുക്കി അടിമാലി ചാറ്റുപാറയിൽ ഭാര്യയെ വെട്ടിപരിക്കേൽപ്പിച്ച ശേഷം ഭർത്താവ് തൂങ്ങിമരിച്ചു ; കഴുത്തിനും തലയ്ക്കും വെട്ടേറ്റ ഭാര്യ ചികിത്സയിൽ
ഇടുക്കി അടിമാലി ചാറ്റുപാറയിലാണ് കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചത്. കഴുത്തിനും തലക്കും പരിക്കേറ്റ സാറാമ്മ (65) ബോധരഹിതയായി വീണതിനെ തുടർന്ന് മരിച്ചതായി കരുതിയാണ് ഭർത്താവ് പത്രോസ് (72) തൂങ്ങിമരിച്ചത്. വീടിന് സമീപത്തെ ഒരു ഫാമിലെ ജീവനക്കാരാണ് ഇരുവരും.
തിങ്കളാഴ്ച രാവിലെ ഇരുവരും ജോലിക്ക് എത്താത്തത് മൂലം തൊഴിലുടമ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിക്കുള്ളിൽ രക്തം വാർന്ന നിലയിൽ സാറാമ്മയെയും തൂങ്ങിമരിച്ച നിലയിൽ പത്രോസിനെയും കണ്ടെത്തിയത്.
സാറാമ്മയെ ഉടൻ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ സാറാമ്മ അടിമാലി താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. പത്രോസിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മാറ്റി.



