കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ കട്ടപ്പന നഗരസഭ നടത്തുന്ന നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു
കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ കട്ടപ്പന പുതിയ ബസ്റ്റാൻഡിൽ നവീകരണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. ഇതിൻറെ ആദ്യഘട്ടമായി ബസ്സുകൾ പാർക്ക് ചെയ്യുന്ന ഭാഗത്ത് ഹെവി വെഹിക്കിൾ സ്റ്റോപ്പർ ൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. കഴിഞ്ഞ നാളിൽ ബസ് നിയന്ത്രണ നഷ്ടമായി ആളുകൾ ബസ് കാത്തുനിൽക്കുന്ന ഇരിപ്പിടത്തിലേക്ക് ഇടിച്ചു കയറിയ സംഭവം ഉൾപ്പെടെ ഉണ്ടായത് പരിഗണിച്ചാണ് അടിയന്തരമായി ഇതിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയത്.
ഇതുകൂടാതെ ബസ് സ്റ്റാൻഡിലെ കെട്ടിടത്തിന്റെ റൂഫിംഗ് പെയിൻറിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടാണ് മുൻപോട്ടു പോകുന്നത്. കൂടാതെ മുഴുവൻ സമയ സെക്യൂരിറ്റിയെ നിയമിക്കുന്നതും നഗരസഭയുടെ പരിഗണനയിലാണ്. ബസ്റ്റാന്റിലേക്ക് കയറുന്ന ഭാഗത്ത് നഗരസഭ വക ബസ്റ്റാൻഡ് എന്ന പേര് ആലേഖനം ചെയ്ത കമാനം സ്ഥാപിക്കുന്ന പ്രവർത്തനങ്ങളും നടന്നു വരികയാണ്.
ഇതിൻറെ ഭാഗമായി ഇടശ്ശേരി ജംഗ്ഷൻ ഭാഗത്തെ കമാനത്തിന്റെ നിർമ്മാണം പൂർത്തിയായി. ഇതോടൊപ്പം ബസ്റ്റാൻഡിൽ തകർന്ന കോൺക്രീറ്റ് ഭാഗങ്ങളുടെ നവീകരണ പ്രവർത്തനങ്ങളും ഉടൻ പൂർത്തിയാക്കും. കട്ടപ്പന പുതിയ ബസ്റ്റാൻഡുമായി ബന്ധപ്പെട്ട ഉണ്ടായ എല്ലാവിധ പരാതികളും പരിഹരിക്കും വിധത്തിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ നഗരസഭയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നത്.



