ചെങ്കളാറിലെ ജലക്ഷാമം പരിഹരിക്കാന്‍ 9 കോടിയുടെ പദ്ധതി: മന്ത്രി റോഷി
ഇടുക്കി കാന്തല്ലൂര്‍ ചെങ്കളാര്‍ മേഖലയിലെ ജലക്ഷാമം പരിഹരിക്കുന്നതിന് തലച്ചൂര്‍ കടവില്‍ നിന്ന് പട്ടിശ്ശേരി ഡാമിലേക്ക് വിയര്‍ നിര്‍മിക്കുന്നതിന് 9 കോടി രൂപയുടെ ഭരണാനുമതി നല്‍കിയതായി മന്ത്രി റോഷി അഗസ്റ്റിന്‍. ഇടുക്കി മറയൂര്‍ കാന്തല്ലൂര്‍ പ്രദേശത്ത് കൃഷി സുഗമമാക്കുന്നതിനൂം കാവേരി ട്രിബ്യൂണലിന്റെ ഉത്തരവ് പ്രകാരം ലഭിച്ച ജലം വിനിയോഗിക്കുന്നതിനും പാമ്പാര്‍ നദീ തടത്തിലെ ജലം ഉപയോഗിക്കുന്നതിനുമായുള്ള പദ്ധതിയാണ് പട്ടിശ്ശേരി ഡാം.
നദിയിലെ ജലം തടഞ്ഞു നിര്‍ത്തി ജലസേചനത്തിനായി ഉപയോഗിക്കുന്ന ഡാമുകളില്‍ നിന്ന് വ്യത്യസ്തമാണ് പട്ടിശ്ശേരി ഡാം. മഴയില്‍ ഒഴുകി വരുന്ന ജലമാണ് ഇവിടെ ശേഖരിക്കുന്നത്. എന്നാല്‍ ചെങ്കളാര്‍ മേഖലയിലെ ജലക്ഷാമം പരഹരിക്കുന്നതിന് ഈ ജലം തികയാതെ വരുന്ന സാഹചര്യമാണുണ്ടായിരുന്നത്. ഇതേത്തുടര്‍ന്നാണ് തലച്ചൂര്‍ കടവില്‍ നിന്ന് ജലം വഴിതിരിച്ചു വിട്ട് കനാല്‍ വഴി ഇവിടെ എത്തിക്കാന്‍ തീരുമാനിച്ചത്. ഇതോടെ ഈ മേഖലയിലെ ജലക്ഷാമത്തിന് ഒരുപരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.



