കാഞ്ചിയാറിൽ വീടിനുവേണ്ടി പഞ്ചായത്ത് പടിക്കൽ നാലുദിവസമായി സമരം നടത്തുന്ന വീട്ടമ്മയുടെ പ്രതിഷേധം അവസാനിപ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് യുഡിഎഫ് കാഞ്ചിയാർ മണ്ഡലം കമ്മിറ്റി
പി എം എ വൈ പദ്ധതി പ്രകാരം അനുവദിച്ച വീട് നിർമ്മിക്കാൻ പെർമിറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് നിർധനയും രോഗിയുമായ വീട്ടമ്മ നിരാഹാര സമരം നടത്തുന്നത്. ഇവരുടെ ആരോഗ്യനില മോശമായി കൊണ്ടിരിക്കുമ്പോഴും നടപടിയെടുക്കാൻ സർക്കാരോ ഉത്തരവാദിത്തപ്പെട്ടവരോ തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്. കോഴിമല മേഖലയിൽ ഇവർ ഉൾപ്പെടെ 21 ആളുകളാണ് വീട് അനുവദിച്ചിട്ട് പണികൾ നടത്താനാവാതെ ദുരിതത്തിൽ ആയിരിക്കുന്നത്.
പദ്ധതിപ്രകാരം ലഭിച്ച വീടുകൾ നിർമ്മിക്കാൻ നിലവിൽ ഉണ്ടായിരുന്ന വീടുകൾ പൊളിച്ചുമാറ്റി. ഇതോടെ പ്ലാസ്റ്റിക് ഷീറ്റുകൾ വലിച്ചുകെട്ടിയാണ് ഈ നിർധന കുടുംബങ്ങൾ ജീവിതം തള്ളിനീക്കുന്നത്. സ്ഥലം എംഎൽഎയും മന്ത്രിയുമായ റോഷി ആഗസ്റ്റിൻ പല പ്രാവശ്യം പ്രശ്നം പരിഹരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു എങ്കിലും മുഖം തിരിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്.
സ്ഥലത്തെത്തിയിട്ടും നിരാഹാരം നടക്കുന്ന വീട്ടമ്മയെ നേരിൽ കാണാൻ പോലും മന്ത്രി തയ്യാറാവാത്തത് പ്രതിഷേധാർഹമാണ്. അടിയന്തര നടപടി സ്വീകരിച്ച് ഓമന ഉൾപ്പെടെയുള്ളവർക്ക് വീട് പണിയുന്നതിന് അനുമതി നൽകണം. രോഗിയായ വീട്ടമ്മ നടത്തുന്ന സമരത്തിൽ മനുഷ്യാവകാശ കമ്മീഷനും വനിതാ കമ്മീഷനും അടിയന്തരമായി ഇടപെടണമെന്നും നേതാക്കൾ പറഞ്ഞു.
സർക്കാർതലത്തിൽ അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളുമായി യുഡിഎഫ് രംഗത്ത് വരുമെന്നും നേതാക്കൾ വ്യക്തമാക്കി. വാർത്താസമ്മേളനത്തിൽ മണ്ഡലം ചെയർമാൻ അനീഷ് മണ്ണൂർ, ഭാരവാഹികളായ സിബി പുലിക്കുന്നേൽ, ജോയ് ഈഴകുന്നേൽ , അഗസ്റ്റിൻ പ്ലാത്തറ മുറിയിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ജോമോൻ തെക്കേൽ, ഷാജി വേലംപറമ്പിൽ, സന്ധ്യാ ജയൻ എന്നിവർ പങ്കെടുത്തു.



