കട്ടപ്പന പഴയ ബസ് സ്റ്റാൻഡിന് സമീപം നിലകൊള്ളുന്ന അംബേദ്കർ അയ്യങ്കാളി സ്മൃതി മണ്ഡപം റൂഫിംഗ് ചെയ്ത് സംരക്ഷിക്കുന്നതിന് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടത്താൻ കട്ടപ്പന നഗരസഭ കൗൺസിൽ യോഗത്തിൽ തീരുമാനം
കൗൺസിൽ യോഗത്തിൽ 23 അജണ്ടകളാണ് ഉണ്ടായിരുന്നത്.കട്ടപ്പന നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ ഒഴിഞ്ഞു കിടക്കുന്ന തസ്തികകൾ നികത്താൻ കൗൺസിൽ തീരുമാനമായി. പുതുതായി അഞ്ചു പേരെയാണ് നിയമിക്കുന്നത്.ഇതോടൊപ്പം കഴിഞ്ഞ കോവിഡ് കാലത്ത് നിന്നു പോയ കട്ടപ്പന മാർക്കറ്റിലെ ശനിയാഴ്ച തോറും ഉള്ള പച്ചക്കറി ചന്തയുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിനും തീരുമാനമായി.
പച്ചക്കറി ചന്തയുടെ പ്രവർത്തനം പുനരാരംഭിക്കണം എന്ന് ആവശ്യം നാളുകളായി കട്ടപ്പന നഗരസഭയുടെ മുൻപാകെ നിവേദനം അടക്കം ലഭിച്ചതാണ്.പച്ചക്കറി ചന്ത പ്രവർത്തിക്കുന്ന ഭാഗത്ത് അറ്റകുറ്റപ്പണികൾ പൂർത്തിയാകാൻ ഉണ്ട്. ഈ പണികൾ ഉടൻ പൂർത്തീകച്ച ശേഷം പ്രവർത്തനം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഇതുകൂടാതെ കട്ടപ്പന പഴയ ബസ് സ്റ്റാൻഡിൽ സമീപ പ്രവർത്തിക്കുന്ന മഹാത്മ അയ്യങ്കാളി അംബേദ്കർ സ്മൃതി മണ്ഡപത്തിന്റെ റൂഫിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ കട്ടപ്പന നഗരസഭയുടെ നേതൃത്വത്തിൽ നടത്താൻ കൗൺസിൽ യോഗത്തിൽ തീരുമാനമായി. ഈ വിഷയത്തിൽ സംഘടനകളുടെ നേതൃത്വത്തിൽ വാദപ്രതിവാദങ്ങളും പ്രതിഷേധങ്ങളും അടക്കം കഴിഞ്ഞ നാളിൽ നടന്നിരുന്നു.ഇതുകൂടാതെ നഗരസഭയിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടം പുനർലേലം ചെയ്യുന്നത് സംബന്ധിച്ച് തുടങ്ങി വിവിധ വിഷയങ്ങളിൽ കൗൺസിൽ ചർച്ചകൾ നടന്നു.

