സഞ്ചാരികളുടെ മനം മയക്കി 'കിലുകിലുക്കി'; മൂന്നാർ മലനിരകളിൽ മഞ്ഞപ്പൂ വസന്തം
നീലക്കുറിഞ്ഞി പൂക്കാലത്തിന് പിന്നാലെ മൂന്നാറിന്റെ മലനിരകളിൽ മഞ്ഞപ്പൂ വസന്തവും സഞ്ചാരികളുടെ മനം മയക്കുന്ന കാഴ്ചയാകുന്നു. മൂന്നാർ - വട്ടവട പാതയിലെ എല്ലപ്പെട്ടിയിലെ മലഞ്ചെരിവുകളിലും പുൽമേടുകളിലും വിരിഞ്ഞു നിൽക്കുന്ന മഞ്ഞപ്പൂക്കളായ റാറ്റിൽ പോഡ് അഥവാ കിലുകിലുക്കി ഇപ്പോൾ വിനോദ സഞ്ചാരികളുടെയും പ്രകൃതി സ്‌നേഹികളുടെയും മനം കവരുന്നത്. കാഴ്ചയിൽ ഏറെ മനോഹരമായ ഈ കാട്ടുപൂച്ചെടി പൂത്തുനിൽക്കുമ്പോൾ മലഞ്ചെരിവുകൾക്ക് പ്രത്യേക ഭംഗിയാണ്. മഞ്ഞനിറത്തിലുള്ള പൂക്കളും അവയുടെ സവിശേഷമായ ആകൃതിയും ചെടിയെ വേറിട്ടു നിർത്തുന്നു. സാധാരണ കാഴ്ചയിൽപെടാതെ പോകുന്ന ഈ സസ്യം ഏക്കറു കണക്കിന് സ്ഥലത്ത് പൂത്തുനിൽക്കുമ്പോൾ പ്രകൃതിയുടെ മനോഹരമായൊരു കാഴ്ചയായി മാറുകയാണ്.
റാറ്റിൽ പോഡ് എന്ന ഇംഗ്ലിഷ് പേരിന് പിന്നിൽ രസകരമായൊരു കാരണമുണ്ട്. ചെടിയിൽ ഉണ്ടാകുന്ന ഉണങ്ങിയ കായ്കൾക്കുള്ളിലെ വിത്തുകൾ ഇളകുമ്പോൾ കിലുക്കുന്ന ശബ്ദമുണ്ടാകും. ഈ പ്രത്യേകതയാണ് റാറ്റിൽ പോഡ് അഥവാ കിലുകിലുക്കി എന്ന പേര് ലഭിക്കാൻ കാരണം. പൂക്കളുടെ സൗന്ദര്യം മാത്രമല്ല, സമീപത്തുള്ള കുളിർമയേകുന്ന വെള്ളച്ചാട്ടവും ഇവിടെയെത്തുന്നവരെ കാത്തിരിക്കുന്നു.
വെള്ളച്ചാട്ടത്തിന്റെ മനോഹാരിത ആസ്വദിച്ച ശേഷം പൂക്കൾക്കിടയിലൂടെ ഒരു യാത്ര. മഞ്ഞപ്പൂക്കൾക്കിടയിൽ ഒരുക്കിയിരിക്കുന്ന പുല്ലുമേഞ്ഞ കൊച്ചു കുടിലുകളും കാഴ്ചയ്ക്ക് പ്രത്യേക ഭംഗി പകരുന്നു. അരികിലൂടെ ഒഴുകുന്ന കൈത്തോടും ചുറ്റുമുള്ള പച്ചപ്പും ചേരുമ്പോൾ പ്രകൃതിയുടെ മനോഹരമായൊരു ചിത്രമാണ് ഇവിടെ തെളിയുന്നത്. കെഡിഎച്ച്പി കമ്പനിയുടെ ഉടമസ്ഥതയിലുള്ള 50 ഏക്കറിലധികം സ്ഥലത്ത് പൂവിട്ടു ന ിൽക്കുന്ന കിലുകിലുക്കി പൂ വസന്തം കാണാൻ 50 രൂപയാണ് പ്രവേശന നിരക്ക്.



