കട്ടപ്പനയിലെ റോഡുകള്‍ക്കായി 7 കോടി രൂപ അനുവദിച്ചു: മന്ത്രി റോഷി അഗസ്റ്റിന്‍

മുന്‍സിപ്പാലിറ്റിയുടെ പരിധിയില്‍ വരുന്ന പൊതുമരാമത്ത് വകുപ്പ് റോഡുകളായ വെള്ളയാംകുടി കാക്കറ്റുകട റോഡിനു 6 കോടി രൂപയും കട്ടപ്പന നേതാജി ബൈ പാസ് (കെ എം മാണി ബൈപാസ് റോഡ് ) റോഡിന് ഒരു കോടി രൂപയും അനുവദിച്ച് ഉത്തരവായതായി മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ കേരള മന്ത്രിസഭ നടത്തിയ നവ കേരള സദസ്സിലെ ഭാഗമായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്.
വെള്ളയാംകുടിയില്‍ നിന്നും കട്ടപ്പന ടൗണില്‍ പ്രവേശിക്കാതെ കോട്ടയം ഭാഗത്തേക്കും ടൗണിന്റെ ഇതര ഭാഗങ്ങളിലേക്കും വാഹനങ്ങള്‍ക്ക് യാത്ര ചെയ്യുകയാണ് പ്രവര്‍ത്തി ലക്ഷ്യമിടുന്നത്. നിലവില്‍ നിര്‍മ്മാണം നടക്കുന്ന മലയോര ഹൈവേ കൂടാതെ മറ്റ് റോഡുകള്‍ കൂടി നവീകരിക്കുന്നതിലൂടെ കട്ടപ്പന ടൗണില്‍ ഉണ്ടാകാവുന്ന ഗതാഗത കുരുക്ക് പരിഹരിക്കാന്‍ കഴിയും ഇതോടൊപ്പം തമിഴ് നാട് ഉള്‍പ്പെടെയുള്ള ഇതര സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന ഭാര വാഹനങ്ങള്‍ക്കും യാത്ര വാഹനങ്ങള്‍ക്കും ടൗണില്‍ പ്രവേശിക്കാതെ ഇതര മാര്‍ഗങ്ങളിലൂടെ സഞ്ചരിക്കാന്‍ കഴിയും.
ശബരിമല തീര്‍ത്ഥാടന കാലങ്ങളില്‍ നിരവധി ഭക്തന്മാരാണ് കട്ടപ്പന വഴി എരുമേലിയിലേക്ക് പോകുന്നത്. കട്ടപ്പന പുളിയന്മല റോഡിനെ പാറക്കടവ് വഴി തിരിച്ച് വിടാന്‍ കഴിയും. മലയോര മേഖലയായതിനാല്‍ നിലവില്‍ ഉള്ള റോഡിന്റെ വീതി കൂട്ടുന്നത് അപ്രായോഗികമാണ്. നിലവില്‍ നിര്‍മ്മിച്ചിരിക്കുന്ന കെട്ടിടങ്ങള്‍ പൊതുമരാമത്ത് വകുപ്പിന്റെ മാനദണ്ഡങ്ങള്‍ പാലിച്ചാണ് നിര്‍മ്മാണം നടത്തിയിട്ടുള്ളത്.
എന്നാല്‍ ദേശിയ പാത ഇത് വഴി കടന്നു പോകേണ്ടതായി വരുമ്പോള്‍ ഉണ്ടാകാവുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ടൗണില്‍ പ്രവേശിക്കാതെ തന്നെ വഴി പൂര്‍ത്തിയാക്കുന്നതിനു നിര്‍ദേശം നല്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റഇന്‍ അറിയിച്ചു. സംസ്ഥാന ബ്ജറ്റില്‍ ഉള്‍പ്പെടുത്തി കട്ടപ്പന മുന്‍സിപ്പാലിറ്റിയെയും സമീപ പഞ്ചായത്തുകളെയും തമ്മില്‍ ബന്ധിപ്പിച്ച് റിങ് റോഡ് നിര്‍മ്മാണം നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.
ഇവ കൂടി നടപ്പിലാക്കാന്‍ കഴിയുന്നതോടെ മലയോര മേഖലയിലെ ഏക മുന്‍സിപ്പാലിറ്റിയായ കട്ടപ്പനയുടെ അടിസ്ഥാന സൗകര്യ വികസനത്തില്‍ വലിയ കുതിപ്പാണ് നിലവില്‍ വരിക.. റോഡുകളോടൊപ്പം സ്‌കൂളുകള്‍, കട്ടപ്പന താലൂക്ക് ആശുപത്രി, പുതിയ പി.എസ്.സി ഓഫീസ് കെട്ടിടം, ഫയര്‍ സ്റ്റേഷന് പുതിയ കെട്ടിടം, ഗവണ്മെന്റ് കോളേജില്‍ കൂടുതല്‍ കോഴ്‌സുകളും സൗകര്യങ്ങളും തുടങ്ങിയവ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.