ഇടുക്കിയിൽ നിരവധി ഇരുചക്ര വാഹന മോഷണ കേസുകളിൽ പ്രതികളായ രണ്ട് യുവാക്കൾ പിടിയിൽ ;മോഷ്ടിച്ച ബൈക്കിൽ യാത്ര ചെയ്യവേ അടിമാലിക്ക് സമീപത്തു വെച്ച് വാഹനം അപകടത്തിൽ പെടുകയും പോലീസിന്റെ പിടിയിൽ ആവുകയുമായിരുന്നു

രാജാക്കാട് മാങ്ങാത്തൊട്ടി സ്വദേശി ഒറ്റപ്ലാക്കൽ അനൂപ്, അണക്കര സ്വദേശി വാഴയിൽ ചന്ദ്രപ്രസാദ് എന്നിവരാണ് അറസ്റ്റിലായത്. ജൂൺ ഏഴാം തിയതി ഉടുമ്പഞ്ചോല പോലീസ് സ്റ്റേഷൻ പരിധിയിലെ മുക്കുടിയിൽ നിന്ന് ഒരു ബൈക്ക് മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം നടന്നു വരികെയാണ് പ്രതികൾ പിടിയിലായത്.
മോഷ്ടിച്ച ബൈക്കിൽ കോതമംഗലത്ത് പോയി തിരികെ വരുന്ന വഴി അടിമാലിക്ക് സമീപത്തു വെച്ച് അപകടത്തിൽ പെടുകയും പെട്രോളിങ്ങിന് എത്തിയ അടിമാലി പോലീസിന്റെ പിടിയിൽ ആവുകയുമായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മുക്കിടിയിൽ നിന്നും മോഷ്ടിച്ച ബൈക്ക് ആണ് ഇവരുടെ കൈവശം ഉള്ളതെന്ന് സമ്മതിയ്കുകയും തുടർന്ന് പ്രതികളെ ഉടുമ്പഞ്ചോല പോലീസിന് കൈമാറുകയുമായിരുന്നു.
തുടർന്ന് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജില്ലയിലെ വിവിധ മേഖലകളിൽ നിന്നും ഇരുവരും ചേർന്ന് ബൈക്ക് മോഷ്ടിച്ചു കടത്തിയിട്ടുണ്ടെന്ന് സമ്മതിച്ചത്. രാജാക്കാട് ബസ്സ്റ്റാൻഡ് പരിസരത്ത് നിന്ന് രണ്ടും കുമളി ചക്കുപളത്തു നിന്ന് രണ്ട് ബൈക്കുകളും ഇവർ മോഷ്ടിച്ചിട്ടുണ്ട്. മറ്റ് മേഖലകളിൽ നിന്നും അടുത്തയിടെ ഇരുചക്ര വാഹനങ്ങൾ നഷ്ടപെട്ട സംഭവങ്ങളിൽ പ്രതികൾക്ക് പങ്കുണ്ടോയെന്നും സംഘത്തിൽ മറ്റ് പ്രതികൾ ഉണ്ടോയെന്നും പോലിസ് അന്വേഷിച്ചു വരികയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.