പുതിയ വനനിയമഭേദഗതി ബിൽ വിവിധ ഭൂവിഷയങ്ങളാൽ പൊറുതിമുട്ടിയ ജനങ്ങളുടെ മേൽ പതിക്കുന്ന അണുബോംബ് ആണെന്ന് കർഷക കോൺഗ്രസ്സ്
വിജ്ഞാപനത്തിലെ 52,63,69 വകുപ്പുകൾ ഒഴിവാക്കണം. കേവലം ഫോറസ്റ്റ് ബീറ്റ് ഓഫീസർക്കുപോലും എവിടെയും കയറി വാറൻ്റ് പോലും ഇല്ലാതെ ആരേയും അറസ്റ്റ് ചെയ്യുന്നതിനുള്ള അധികാരം നൽകുന്ന ബില്ലാണിത്. അറസ്റ്റിനു കൃത്യമായ സാഹ ചര്യങ്ങൾ നിർവചിക്കാത്തത് അധികാര ദുർവിനിയോഗത്തിനും കാരണമാകും. വനത്തോടു ചേർന്നുള്ള പുഴകളിലും തോടുകളിലും നിന്നും കുടിവെള്ളശേഖരിക്കു ന്നതിനും, മീൻ പിടിക്കുന്നതും വരെ കടുത്ത കുറ്റകരമാവും.
മനുഷ്യനെ പരിഗണിക്കാതെ വന്യമൃഗങ്ങൾക്കു മാത്രം സുരക്ഷ ഒരുക്കുന്ന ഈ വനനിയമഭേദഗതി ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും കർഷകകോൺഗ്രസ്സ് നേതാക്കൾ ആവശ്യപെട്ടു.മനുഷ്യൻ്റെ മൗലിക അവകാശങ്ങളെ ഹനിക്കുന്ന കരിനിയമമാണെന്നും, ഈ ബിൽ ഉടൻ പിൻവലിക്കണമെന്നും കർഷക കോൺഗ്രസ് സംസ്ഥാനജനറൽ സെക്രട്ടറി ജോസ് മൂത്തനാട്ട് വർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നാളിതുവരെ വനത്തിനുള്ളിലാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാർക്ക് അധികാരം ഉണ്ടായിരുന്നതെങ്കിൽ ഈ ബില്ലിൻ്റെ പരിണിതഫലമായി വനത്തിനു പുറത്ത് ജനവാസ മേഖലയിലും, മറ്റ് ഏതു സ്ഥലത്തും താമസിക്കുന്ന ഏതൊരാളേയും അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വയ്ക്കുവാനുള്ള അധികാരം ഈ ബില്ലിലൂടെ നൽകപ്പെടുന്നു. വന്യ മൃഗങ്ങളെ വനത്തിൽ സംരക്ഷിക്കുന്നതിനും, വനം സംരക്ഷിക്കപ്പെടുവാനുമുള്ള ഉത്തര വാദിത്വം ഫോറസ്റ്റ് ഉദ്യോഗസ്ഥൻമാർക്ക് നല്‌കുന്നതിനുള്ള നിയമങ്ങളാണ് നിർമ്മിക്കപ്പെടേണ്ടത്.
2024 നവംബർ 1 ന് വിജ്ഞാപനം ഇറക്കിയിട്ടുള്ള ഈ കരിനിയമം ഉടൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് 2024 ഡിസംബർ 19-ാം തീയതി 4 മണിക്ക് കർഷക കോൺഗ്രസ്സ് ഇടുക്കി നിയോജക മണ്‌ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കട്ടപ്പന ഫോറസ്റ്റ് ഓഫീസ് പടിക്കൽ പുതിയ വനനിയമഭേദഗതി ബില്ലിന്റെ കോപ്പികൾ കത്തിച്ചുകൊണ്ട് പ്രതിഷേധിക്കും.
വർത്താസമ്മേളനത്തിൽ കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് മുത്തനാട്ട്,ഇടുക്കി നിയോജക മണ്‌ഡലം പ്രസിഡന്റ് ടോമി തെങ്ങുപള്ളിൽ,സംസ്ഥാന സമിതി അഗംജോയി ഈഴകുന്നേൽ, ജില്ലാ ജനറൽ സെക്രട്ടറി ജോസ് ആനക്കല്ലിൽ,ജില്ലാ സെക്രട്ടറി പി.എസ്.മേരിദാസൻ,ജില്ലാ സെക്രട്ടറിമാരായ ലീലാമ്മ ബേബി,ഐബിമോൾ രാജൻ,സജിമോൾ ഷാജി എന്നിവർ പങ്കെടുത്തു.










